മലയാള സിനിമയിലെ നടന്മാരില് പലരും ക്യാമറയ്ക്ക് പിന്നിലെ സംവിധാന ലഹരി ആസ്വദിക്കുമ്പോള്‍ തനിക്കും ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നു പറയുകയാണ് നടന് വിജയ രാഘവന്. പക്ഷേ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാകുമോ അതെന്ന് സംശയമുണ്ടെന്നും ഒരു നിര്‍മ്മാതാവ് തന്റെ മനസ്സിലെ സിനിമ ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്യം അനുവദിച്ചു തരുന്ന ഘട്ടത്തില്‍ അങ്ങനെ ഒരു സിനിമ സംഭവിച്ചേക്കാമെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വിജയ രാഘവന് പറയുന്നു.
“സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ ഞാന്‍ ആഗ്രഹിക്കുന്ന എന്റെ മനസ്സിലുള്ള ഒരു സിനിമ ചെയ്യാനാണ് ഇഷ്ടം. എന്നാല്‍ അത് അത്ര എളുപ്പമല്ല. സിനിമ എന്നാല്‍ സാമ്പത്തികവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. അതുകൊണ്ട് ഒരു സിനിമ ചെയ്യുമ്പോള്‍ അത് വിജയിക്കുക എന്നത് ഏറെ പ്രധാനമാണ്. ഒരു സിനിമ ഇറങ്ങി കഴിഞ്ഞു ആദ്യത്തെ ഒരാഴ്ച തിയേറ്ററിലേക്ക് കളക്ഷന്‍ കൊണ്ടുവരുന്നത് ചെറുപ്പക്കാരാണ്. അവര്‍ വിയര്‍ത്തു കുളിച്ചു ടിക്കറ്റ് എടുത്തു ഷര്‍ട്ടൊക്കെ കീറി തിയേറ്ററില്‍ എത്തുമ്പോള്‍ അവര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമയുണ്ടാകും. അത് എനിക്ക് ഒരിക്കലും നല്കാന് കഴിയില്ല. ഒരു നിര്‍മ്മാതാവ് എന്നെ വിശ്വസിച്ച് നിങ്ങളെ മനസ്സിലുള്ള സിനിമ ചെയ്തോ എന്ന് പറഞ്ഞാല്‍ എനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ ഏറെ ആഗ്രഹമാണ്. പക്ഷേ ഇപ്പോള്‍ അഭിനയിക്കാനായി തന്നെ എന്റെ മുന്നില്‍ കുറെയധികം സിനിമകളുണ്ട്. അത് നല്ലത് പോലെ ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട കാര്യം”.
Post Your Comments