തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എംജിആറായി അരവിന്ദ് സ്വാമിയും എത്തുന്നു.
മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.
നേരത്തെ പുറത്തുവിട്ട തലൈവിയിലെ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കങ്കണ തന്നെയായിരുന്നു ചിത്രങ്ങൾ തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. “ജയ അമ്മയുടെ ചരമദിനത്തിൽ, തലൈവി എന്ന ഞങ്ങളുടെ സിനിമയിൽ നിന്നുള്ള ചില ചിത്രങ്ങൾ പങ്കുവയ്ക്കുന്നു..എന്റെ ടീമിന് എല്ലാ നന്ദിയും. പ്രത്യേകിച്ചും ഞങ്ങളുടെ ടീമിന്റെ നേതാവ് വിജയ് സാറിനോട്…ഈ സിനിമ പൂർത്തിയാക്കാൻ അതിമാനുഷനെ പോലെയാണ് അദ്ദേഹം പണിയെടുക്കുന്നത്. ” ചിത്രങ്ങൾ പങ്കുവച്ച് കങ്കണ ട്വീറ്റ് ചെയ്തു.
ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ‘ദി അയണ്‍ ലേഡി’യാണ് ഒന്ന്. മലയാളി നടി കൂടിയായ നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്.
നിര്‍മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. ‘തായ്: പുരട്ചി തലൈവി’ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
Post Your Comments