GeneralLatest NewsMollywoodNEWS

സെക്കൻഡ് ഷോ വേണം ; മുഖ്യമന്ത്രിക്ക് കത്തുമായി ഫിലിം ചേമ്പർ

വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31നു ശേഷവും വേണമെന്നും ചേംബർ ആവശ്യപ്പെട്ടു

സംസ്ഥാനത്തെ തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി വേണമെന്ന്  ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഫിലിം ചേമ്പർ കത്ത് നൽകി. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിൽ ആണെന്നും നിലവിൽ ഇറങ്ങിയ സിനിമകൾക്ക് പോലും കളക്ഷൻ ഇല്ലെന്നും ഫിലിം ചേമ്പറും നിർമാതാക്കളും കത്തിൽ പറയുന്നു. കൂടാതെ വിനോദ നികുതിയിലെ ഇളവ് മാർച്ച്‌ 31നു ശേഷവും വേണമെന്നും ചേംബർ ആവശ്യപ്പെട്ടിട്ടുണ്ട്.

സെക്കൻഡ് ഷോയുടെ കാര്യത്തിൽ തീരുമാനം ആകാതെ പുതിയ സിനിമകളുടെ റിലീസ് ഉടനെ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. നിലവിലെ നിയന്ത്രണങ്ങൾ മൂലമാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നത്. കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. ഇതാണ് സിനിമ റിലീസ് ചെയ്യാൻ നിർമ്മാതാക്കളും തിയറ്റർ ഉടമകളും തയ്യാറാകാത്തത്. നിലവിലെ സാഹചര്യത്തിൽ ബിഗ് റിലീസുകള്‍ നടത്തിയാൽ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഫിലിം ചേംബർ പറയുന്നു.

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസിലും ആശയകുഴപ്പം തുടരുകയാണ്. മാർച്ച് 4ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ആശയക്കുഴപ്പം നിലനിൽക്കെ ഇനിയും റിലീസിൽ മാറ്റം വരുമോ എന്നും വ്യക്തമല്ല.

കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന സംസ്ഥാനത്തെ തിയറ്ററുകളിൽ ‘മാസ്റ്റര്‍’ ആയിരുന്നു  ആദ്യം റിലീസ് ചെയ്ത ചിത്രം. പിന്നാലെ ജയസൂര്യ നായകനായ ‘വെള്ള’വും റിലീസ് ചെയ്തു. ഇനി തിയറ്ററിൽ എത്താൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് ഇത്.

നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ് സംവിധാനം. ജോഫിന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button