വെറുമൊരു നായികയായി മാത്രം സിനിമയില്‍ അടയാളപ്പെടാതെ തനിക്ക് കിട്ടിയ ക്യാരക്ടറുകള്‍ക്ക് വലിയ സ്പേസ് ഉണ്ടാക്കി തന്നെയാണ് നദിയ മൊയ്തു എന്ന നടി മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. തന്റെ ആദ്യ സിനിമയില്‍ തന്നെ നായകനേക്കാള്‍ സ്ക്രീന്‍ സ്പേസ് ലഭിച്ച നദിയ മൊയ്തുവിനു ദുര്‍ബലമായ നായിക കഥാപാത്രങ്ങള്‍ സിനിമയില്‍ ലഭിച്ചിരുന്നില്ല. മലയാള സിനിമയിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് ഉണ്ടായിട്ടും തന്റെ മനസ്സില്‍ ‘സ്റ്റാര്‍ഡം’ എന്ന ചിന്ത ഇല്ലായിരുന്നുവെന്നും ഒരു താരമാണ് താനെന്ന ചിന്ത തന്നില്‍ ഉണ്ടാക്കിയ സിനിമ ഏതാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വ്യക്തമാക്കുകയാണ് താരം.
“പതിനെട്ട് വയസ്സുള്ളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. ശരിക്കും ‘സ്റ്റാര്‍ഡം’ തലയ്ക്ക് പിടിക്കേണ്ട പ്രായമാണ്. ഞാന്‍ അഭിനയിച്ച സിനിമകളില്‍ പല സിനിമകളും മെഗാ ഹിറ്റ് ആയെങ്കിലും ഒരു താര പരിവേഷം എന്നില്‍ ഉണ്ടായിട്ടില്ല. വലിയ വിജയ ചിത്രങ്ങളിലെ നായികയാണ് താന്‍ എന്ന തോന്നാല്‍ ആ കാലയളവില്‍ ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. ഞാന്‍ ഒരു താരമാണ് അല്ലെങ്കില്‍ ഒരു സെലിബ്രിറ്റിയാണെന്ന് തോന്നി തുടങ്ങിയത് ‘എം.കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ്. ആ സിനിമ ചെയ്യുമ്പോള്‍ എനിക്ക് മുപ്പത്തിയഞ്ച് വയസ്സിനടുത്ത് പ്രായമുണ്ടായിരുന്നു. സ്റ്റാര്‍ ഇമേജ് എന്നൊക്കെയുള്ളത് ഞാന്‍ തിരിച്ചറിഞ്ഞത് ആ പ്രായത്തിലാണ്. അല്ലാതെ ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘ശ്യാമ’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ചെയ്യുമ്പോള്‍ മലയാളത്തിലെ ഹിറ്റ് നായികയാണ് ഞാന്‍ എന്ന തോന്നല്‍ എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല”. നദിയ മൊയ്തു പറയുന്നു
Post Your Comments