2021 ലെ ആദ്യ തീയേറ്റർ ഹിറ്റാണ് ഓപ്പറേഷൻ ജാവ എന്ന ചെറിയ ചിത്രം. പുതുമുഖ സംവിധായകനായ തരുൺ മൂർത്തിയാണ് തികഞ്ഞ കയ്യടക്കത്തോടെ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നുരണ്ട് ഹ്രസ്വ ചിത്രങ്ങളും, കുറച്ചു പരസ്യ ചിത്രങ്ങളും മാത്രമായിരുന്നു സിനിമ രംഗത്തേക്ക് വരുമ്പോൾ ഇദ്ദേഹത്തിന്റെ കൈമുതൽ.
സിനിമയ്ക്ക് വേണ്ടി അധ്യാപക ജോലി ഉപേക്ഷിച്ച് രണ്ടു വർഷം കഠിന ശ്രമത്തിലായിരുന്നു അദ്ദേഹം. ത്രില്ലർ സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല എന്നും, ആദ്യസിനിമയിൽ ഇതുവരെ ആരും ചെയ്യാത്ത കഥ ആയിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്നും സംവിധായകൻ പറയുന്നു. നാല് വർഷം മുൻപ് ഷൈജു ഖാലിദ് സൈബർ സെല്ലിനെക്കുറിച്ചുള്ള ഒരു സിനിമയുടെ സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു എന്നും, പിന്നീട് ഒരു സിനിമയെപ്പറ്റി ആലോചിച്ചപ്പോൾ ഷൈജു പറഞ്ഞ തീമിനെപ്പറ്റി ആലോചിക്കുകയായിരുന്നു എന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തരുൺ പറയുന്നു.
തരുണിന്റെ വാക്കുകളിലേക്ക്: ‘താൻ തിരഞ്ഞെടുത്ത ഓരോ താരങ്ങളും കഥാപാത്രത്തിന് അനുയോജ്യമാണ്. ഇവർ അല്ലാതെ മറ്റാരും ചെയ്താൽ നന്നാകില്ല എന്ന് തോന്നി. ഓരോ സീനും കാണുമ്പോൾ പ്രേക്ഷകന് വിശ്വസനീയമായി തോന്നണം. തന്റെ തീരുമാനം ശെരിയാണെന്നാണ് ഇപ്പോൾ തോന്നുന്നത്. സിനിമയിലെ എല്ലാ താരങ്ങൾക്കും പ്രാധാന്യമുണ്ട്. വിനായകൻ ഇല്ലെങ്കിൽ ഈ സിനിമയേ ഇല്ല. നിലവിലെ സിനിമയുടെ രീതികൾ അനുസരിച്ച് ലുക്മാനും, ബാലു വര്ഗീസും ആണ് നായകന്മാർ.
എഴുത്തുകാരൻ എന്ന നിലയിൽ സംബന്ധിച്ചടുത്തോളം നായകൻ വിനായകനാണെന്നും, വിനായകന്റെ കാഴ്ചപ്പാടിലാണ് സിനിമയുടെ കഥ നീങ്ങുന്നതെന്നും തരുൺ പറഞ്ഞു.
Post Your Comments