ശ്രീ അമ്മയങ്കാർ അയ്യപ്പൻ എന്ന പേര് ചലച്ചിത്ര പ്രേമികൾക്ക് ഒരുപക്ഷേ പരിചയമുണ്ടാകില്ല. എന്നാൽ ശ്രീദേവി എന്ന പേര് ചലച്ചിത്ര ആസ്വാദകർക്ക് ഒപ്പം തന്നെ, സാധാരണക്കാരായ ജനങ്ങൾക്കും സുപരിചിതമാണ്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടി ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷങ്ങൾ തികയുന്നു. 1963 ആഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ മീനപ്പെട്ടിയിലായിരുന്നു ശ്രീദേവിയുടെ ജനനം.
ശിവാജി ഗണേശൻ, ജെമിനി ഗണേശൻ എന്നിവർ ഒന്നിച്ച് അഭിനയിച്ച് 1967 ല്‍ പുറത്തിറങ്ങിയ ‘കന്ദന്‍ കരുണൈ’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ശ്രീദേവി ചലച്ചിത്ര ജീവിതം തുടങ്ങിയത്.
പിന്നീട് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച ശ്രീദേവി 1967 ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മൂണ്ട്രു മുടിച്ചു’ എന്ന ചിത്രത്തിൽ, കമലഹാസന്റെ നായികയായി അഭിനയിച്ചു. പിന്നീട് കമലഹാസ്സന്റെ തന്നെ നായികയായി ഏകദേശം ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
എൺപതുകളിൽ തമിഴിലും, തെലുങ്കിലും ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീദേവി തമിഴ് ചലച്ചിത്ര രംഗത്തെ മുന്‍ നിര നായികയായിരുന്നു.
അക്കാലത്ത് ഹിന്ദിൽ ശ്രീദേവി അഭിനയിച്ച ‘ഹിമ്മത്ത്വാല’ വന്‍ വിജയമാണ് നേടിയത്. 1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. താര പദവിയിലേക്ക് ഉയർന്ന ശ്രീദേവി ഇന്ത്യയിലെ ആദ്യത്തെ ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന പദവിയും നേടി.
അതിന് ശേഷം ‘സദ്മ’, ‘ആഖരീ രാസ്താ’, ‘നഗീന’, ‘മിസ്റ്റർ ഇന്ത്യ’, ‘ചാന്ദ്നി’, ‘ഖുദാ ഗവാഹ്’,’ ജുദായി’ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ ചെയ്തു. അക്കാലത്ത് വെള്ളിത്തിരയിലെ പ്രിയ നായികയെ സ്വപ്നം കണ്ടുറങ്ങാത്ത യുവാക്കൾ കുറവായിരുന്നു എന്നുതന്നെ പറയാം.
പ്രമുഖ ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവായ ബോണി കപൂറാണ് ശ്രീദേവിയെ വിവാഹം ചെയ്തത്. 1996 ജൂണ്‍ 2 ന് ആയിരുന്നു ഇവരുടെ വിവാഹം. ബോളിവുഡിലെ പ്രശസ്ത നടിമാരായ ജാന്‍വി, ഖുശി എന്നിവർ ഇവരുടെ മക്കളാണ്.
വിവാഹത്തെ തുടർന്ന് ചലച്ചിത്രരംഗത്ത് നിന്ന് വിടവാങ്ങിയ ശ്രീദേവി വർഷങ്ങൾക്ക് ശേഷം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് തിരിച്ചെത്തി. പതിനഞ്ച് വർഷത്തെ നിശബ്ദതയ്ക്ക് ശേഷം ‘ഇംഗ്ലീഷ് വിന്ഗ്ലീഷ്’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് ശ്രീദേവി മടങ്ങിയെത്തി.
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നായികയായ ശ്രീദേവിക്ക് 2013 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ‘മാം’ എന്ന സിനിമയിൽ അഭിനയിച്ചകൊണ്ട് ചലച്ചിത്രമേഖലയിൽ സജീവമാകാനുള്ള ശ്രമത്തിന് ഇടയിലാണ് അകാലത്തിൽ ഇവർ മരണപ്പെടുന്നത്.
2018 ഫെബ്രുവരി 24 ന് രാത്രി ദുബൈയിലെ ജുമൈറ ടവേർസ് ഹോട്ടൽ മുറിയിലെ ബാത്ടബ്ബിൽ മുങ്ങി മരിച്ചനിലയിൽ ശ്രീദേവിയെ കണ്ടെത്തുകയായിരുന്നു. ഒരു സിനിമാക്കഥ പോലെ ദുരൂഹത നിറഞ്ഞ മരണമായിരുന്നു അത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ശ്രീദേവി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.
Post Your Comments