സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്കിന് ഒരുങ്ങുന്നു. തമിഴിൽ നിമിഷ സജയന് പകരം ഐശ്വര്യ രാജേഷാണ് നായികയായെത്തുന്നത്. മലയാളത്തില്‍ ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരുക്കുന്നത് ജയംകൊണ്ടേന്‍, കണ്ടേന് കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ്.
തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയം ഒരുക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കാരക്കുടിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പി.ജി മുത്തയ്യയാണ് ക്യാമറ. രാജ്കുമാറാണ് ആര്‍ട്ട് വിഭാഗം. സംഭാഷണം പട്ടുകോട്ടൈ പ്രഭാകര്‍.
‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി’നുശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. സിനിമക്ക് പറയാനുള്ളതും ലിംഗവിവേചനത്തിന്റെ പേരിൽ അടുക്കള മുതൽ ബെഡ്റൂം വരെ നീളുന്ന സ്ത്രീകളോടുള്ള വയലൻസ് ആണ്. ‘തൊണ്ടി മുതലും ദൃക്സാക്ഷിയു’മെന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന് എന്നിവർ ദമ്പതികളായഭിനയിക്കുന്ന സിനിമ അടുക്കളപ്പുറങ്ങളില്‍ തളച്ചിടുന്ന സ്ത്രീകളെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും കുടുംബങ്ങളിലെ പുരുഷാധിപത്യത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്.
ജനുവരി 15നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൈകാര്യം ചെയ്ത വിഷയത്തിന്റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ വലിയ പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചിരുന്നു.
Post Your Comments