തലശ്ശേരി: വീണ്ടും ചലച്ചിത്രമേള വിവാദം. ഇത്തവണ നാലാംഘട്ടം നടക്കുന്ന തലശ്ശേരിയിലെ വേദിയാണ് വിവാദത്തിന് കാരണമായത് . ജന്മനാട്ടിൽ വെച്ച് നടത്തിയിട്ട് പോലും തന്നെ ക്ഷണിച്ചില്ലന്ന് ദേശീയ പുരസ്കാര ജേതാവായ കലാസംവിധായകന്‍ സന്തോഷ് രാമന് പറഞ്ഞു.എന്തിനാണ് അവഗണിച്ചതെന്നറിയില്ലെന്ന് സന്തോഷ് രാമന് പറയുന്നു.
‘എന്തിനാണ് അവഗണിച്ചതെന്നറിയില്ല. വ്യക്തിപരമായി ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് തലശ്ശേരിക്കാരായ സംഘാടകരില്‍ പലരും. അവര്‍ക്ക് ഇക്കാര്യത്തില്‍ ബോധം ഉണ്ടാകേണ്ടതായിരുന്നു. കെ.പി. കുമാരന് സംവിധാനം ചെയ്ത ‘ ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ കുമാരേട്ടന് പങ്കെടുക്കാന്‍ വിളിച്ചിട്ടുണ്ട്. മേളയുമായി ബന്ധപ്പെട്ട യോഗത്തില്‍ തന്നെ ക്ഷണിക്കുന്നതിനെക്കുറിച്ച് ഒരാള്‍ സൂചിപ്പിച്ചിരുന്നതായി അറിയാം.’
കലാപ്രവര്‍ത്തനം തുടങ്ങിയ തലശ്ശേരിയില്‍ മേളയെത്തുന്നതില് സന്തോഷമുണ്ട്. തിയേറ്ററുകള്‍ പൂട്ടിപ്പോകുന്ന സാഹചര്യത്തില്‍ ആസ്വാദകരില്‍ ഇത്തരം മേളകള്‍ ഉണര്‍വുണ്ടാക്കുമെന്നും സന്തോഷ് പറഞ്ഞു.
2017-ല്‍ ‘ ടേക്ക് ഓഫ്’ എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത്. ഇപ്പോൾ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമായി കൊച്ചിയിലാണ് സന്തോഷ്.
കൊച്ചിയിൽ വെച്ച് നടന്ന ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നടൻ സലിംകുമാറിനെ ക്ഷണിക്കാഞ്ഞത് വിവാദമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടുത്ത ആരോപണം ഉയരുന്നത്. കമൽ ഖേദം പ്രകടിപ്പിച്ചിട്ടും സലിം കുമാർ കൊച്ചിയിൽ നടന്ന രണ്ടാം ഘട്ട ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലി൦കുമാറിന്റെ പ്രതികരണം.
Post Your Comments