‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലെ പോലീസ് സ്റ്റേഷന്‍ വളരെ റിയലസ്റ്റിക് ആയി തന്നെ അവതരിപ്പിച്ച ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ താന്‍ ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറിയ ഒരു അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. മദ്യപിച്ചു പിടിച്ച തന്നെ കരുതല്‍ തടങ്കലില്‍ വച്ച അനുഭവ കഥ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കിടുകയാണ് താരം.
“ആദ്യമായി പോലീസ് സ്റ്റേഷനില്‍ കയറിയ ഒരു സംഭവമുണ്ട്. ഒരു കരുതല്‍ തടങ്കല്‍ എന്ന് വേണമെങ്കില്‍ പറയാം. വര്‍ഷങ്ങള്‍ കുറെയായി ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. അവിടെ മദ്യം പ്രധാനമായിരിക്കുമല്ലോ. അങ്ങനെ ഞങ്ങളെല്ലാം മദ്യം കഴിച്ചു. തിരിച്ചു വരാന്‍ നേരം ഒരു ഓട്ടോയില്‍ കയറി. പോലീസ് ചെക്കിംഗ് വന്നു, ഓട്ടോ ഡ്രൈവറും മദ്യപിച്ചിട്ടുണ്ടായിരുന്നു!. അതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. ഞങ്ങളെല്ലാം ഒന്നിച്ചിരുന്നു മദ്യപിച്ചിട്ടുള്ള വരവാണ് എന്ന് കരുതി ഞങ്ങളെ മൊത്തത്തില്‍ പിടിച്ചു. മാത്രമല്ല അത് ഒരു ഡിസംബര്‍ 31 ആയിരുന്നു. അത് കൊണ്ട് തന്നെ ആ ദിവസം ഞങ്ങളെ കരുതല്‍ തടങ്കലില്‍ വച്ചു. ഞാന്‍ അന്നാണ് ആദ്യമായും, അവസാനമായും പോലീസ് സ്റ്റേഷന്‍ കാണുന്നത്”. ദിലീഷ് പോത്തന്‍ പറയുന്നു.
ഫഹദ് ഫാസില്‍ നായകനായ ‘ജോജി’യാണ് പുറത്തിറങ്ങാനിരിക്കുന്ന ദിലീഷ് പോത്തന്‍ ചിത്രം. ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സംവിധാനം ചെയ്ത ദിലീഷിന്റെ മൂന്നാമത് ചിത്രമാണ് ‘ജോജി’.
Post Your Comments