കോട്ടയം: ഗംഭീര അഭിപ്രായം നേടി ദൃശ്യം 2 മുന്നേറിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും അറിയേണ്ടത് ഒന്നുമാത്രം ചിത്രത്തിന്റെ മൂന്നുഭാഗം ഉണ്ടോ എന്ന്. മൂന്നുഭാഗത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പ്രചാരങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ ജീത്തു ജോസഫ്.
മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള ഗംഭീര ക്ലൈമാക്സ് തന്റെ കയ്യിലുണ്ടെന്ന് ജീത്തു പറയുന്നു. ഇത് മോഹൻലാലുമായും ആന്റണി പെരുമ്പാവൂരുമായും ചർച്ച ചെയ്തു. അവർക്കും ഇഷ്ടപ്പെട്ടു. അതേസമയം ദൃശ്യം 3 ഉടൻ ഉണ്ടാകില്ലെന്നും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കഴിഞ്ഞേ ദൃശ്യം 3 ഉണ്ടാകൂവെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ജീത്തു ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയിൽ ബാക്കി വേണ്ട കാര്യങ്ങളെ കുറിച്ച് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ കിട്ടിയാൽ അതേക്കുറിച്ച് ആലോചിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. സിനിമയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ തനിക്ക് സന്തോഷമുണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞു. ഇതുവരെ ചിന്തിക്കാത്ത പലതും ആളുകൾ കണ്ടെത്തുന്നുണ്ട്. വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുകയാണെന്നും ജീത്തു പറഞ്ഞു.
സിനിമയെക്കുറിച്ച് ഏറ്റവും കൂടുതൽ ഉയരുന്ന വിമർശനം ക്രിമിനൽ സാധ്യതയെ പ്രോത്സാഹിപ്പിക്കുമെന്നതാണ്. ഇതിനും കൃത്യമായ മറുപടി ജിത്തു ജോസഫിനുണ്ട്. “കുടുംബം എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. സിനിമയിൽ ജോർജ് കുട്ടിക്കുണ്ടായ പോലൊരു അനുഭവം എനിക്കുണ്ടായാൽ ഞാനും കൊല്ലും. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കൊലപാതകമാണ് സിനിമയിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ആ കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി അത്തരത്തിൽ ബുദ്ധിപരമായ ഇടപെടുന്നതിനെ ഞാൻ കുറ്റം പറയില്ല”. – ജീത്തു ജോസഫ് പറഞ്ഞു.
പുതിയ സിനിമ ന്യൂജനറേഷൻ രീതിയിൽ സംവിധാനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നും ക്രൈം ത്രില്ലർ എന്ന നിലയിൽ പോകാൻ താൽപര്യമില്ലെന്നും ജീത്തു കൂട്ടിച്ചേർത്തു.
Post Your Comments