ഫോണെടുക്കാത്ത സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് നടൻ ആസിഫ് അലി. അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോർഡാറാണെന്ന് തോന്നുന്നു എന്നും, ഒരു ഫോബിയ പോലെ എന്തോ ആണതെന്നും താരം പറയുന്നു. അതൊരു കുറവായി താൻ അംഗീകരിക്കുന്നുണ്ടെന്നും, അത് മാറ്റിയെടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആസിഫ് പറയുന്നു.
ഇപ്പോൾ താൻ ഏതെങ്കിലും ചിത്രത്തിന്റെ ലൊക്കേഷനിലാണെങ്കിൽ അസിസ്റ്റന്റിന്റെ ഫോണിലാണ് വീട്ടുകാർ വിളിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാണെങ്കിൽ ഹോട്ടലിലേക്ക് വിളിക്കും. താൻ അപ്പോൾ ഫോൺ ഓൺ ചെയ്ത് തിരിച്ചുവിളിക്കുമെന്നും താരം പറഞ്ഞു. ഫോൺ ഉപയോഗിക്കാതിരിക്കുന്നത് ഒരാളെയോ, കുറെയാളുകളെയോ ഒഴിവാക്കാൻ വേണ്ടിയല്ലെന്നും, ഫോൺ ഉപയോഗിക്കാൻ തനിക്ക് കഴിയില്ലെന്നും ആസിഫ് പറയുന്നു.
‘ഫോണെടുക്കാത്ത കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്. ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്. വൈറസിന്റെ ഷൂട്ടിംഗ് സമയത്ത് ആഷിക്ക് എന്നോട് പറഞ്ഞു. ടാ നിന്റെയീ സ്വഭാവമൊന്നു മാറ്റിക്കഴിഞ്ഞാൽ നിനക്ക് എന്ത് വ്യത്യാസമുണ്ടായേനെയെന്ന്.
ലാലേട്ടൻ വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തില്ലെന്ന് പറഞ്ഞാണ് ആദ്യമൊരു പ്രശ്നമുണ്ടായത്. അത് വലിയ വിവാദമായി. അതോടുകൂടി എനിക്കെന്റെ കുറെ സുഹൃത്തുക്കളെ തിരിച്ചുകിട്ടി. ‘ടാ മോഹൻലാൽ വിളിച്ചിട്ട് ഫോണെടുക്കാത്ത നീ ഞങ്ങൾ വിളിച്ചാലെങ്ങനെയാ ഫോണെടുക്കുന്ന’തെന്ന് പറഞ്ഞ് അവർ വീണ്ടും സൗഹൃദത്തിലായി. ലാലേട്ടാ ശരിക്കും എന്നെ വിളിച്ചിട്ടുണ്ടോയെന്ന് പിന്നീടൊരിക്കൽ ഞാൻ ലാലേട്ടനോട് ചോദിച്ചു. ഒരു കുസൃതിച്ചിരി മാത്രമായിരുന്നു ലാലേട്ടന്റെ മറുപടി. ആസിഫ് പറയുന്നു.
രാജീവ് രവി യുടെ കുറ്റവും ശിക്ഷയും , മാത്തുക്കുട്ടിയുടെ കുഞ്ഞെൽദോ, ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്ക് ശേഷം സിബി മലയിലിന്റെ കൊത്ത് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ആസിഫ് ഇപ്പോൾ.
Post Your Comments