മോഹൻലാലിന്റെ മകൾ വിസ്മയ രചിച്ച പുസ്തകത്തിന് ആശംസകൾ നേർന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ പുറത്തിറങ്ങിയത്. പുസ്തകത്തിന്റെ ചിത്രം പങ്കുവെച്ചുള്ള കുറിപ്പിലാണ്, കഴിവ് പാരമ്പര്യമായി കിട്ടുന്നതാണ് എന്ന് പറഞ്ഞ് ബച്ചൻ ആശംസകൾ നേർന്നത്.
‘മോഹൻലാൽ മലയാള സിനിമയുടെ സൂപ്പർ താരമാണ്. എനിക്ക് ഒരുപാട് ആരാധനയുള്ള ആൾ. അദ്ദേഹത്തിന്റെ മകൾ വിസ്മയ എഴുതിയ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം എനിക്ക് അയച്ചു തന്നിരുന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സർഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു’ ബച്ചൻ കുറിച്ചു.
എന്നാൽ ഇതിനു താഴെ വന്ന കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാകുന്നത്. ‘കഴിവ് ജന്മസിദ്ധമായി കിട്ടുന്നതാണെങ്കിൽ മകനെ നോക്കൂ’, ‘കഴിവ് ജന്മസിദ്ധമാണ്, പക്ഷെ മകന് ലഭിച്ചില്ല’, ‘നിങ്ങൾ വലിയവനാണ്, നീളം കൊണ്ടു മാത്രം’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. കഴിവ് പരമ്പര്യമല്ലെന്നും അത് സ്വയം ആർജിക്കേണ്ടതാണെന്നും ചിലർ പറയുന്നു.
ഹൈക്കു കവിതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ ചെറുകവിതകളും, അനുബന്ധമായി വരച്ച ചിത്രങ്ങളും ചേർന്നതാണ് വിസ്മയയുടെ പുസ്തകം. വലിയ കവിതകൾ മുതൽ ഒറ്റവരി കവിതകൾ വരെ പുസ്തകത്തിലുണ്ട്. പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Post Your Comments