
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. ജാമ്യം റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് വിചാരണക്കോടതിയെ സമീപിച്ചത് പ്രോസിക്യൂഷനാണ്. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു.
പ്രധാന സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ദിലീപ് ശ്രമിച്ചെന്നും, വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല കാസർകോട് വിപിൻലാൽ താമസിക്കുന്ന സ്ഥലത്തെത്തി, മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രദീപ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ദിലീപിനു വേണ്ടിയാണെന്നും, വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. 2020 ജനുവരിയിൽ തന്നെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചെന്നാണ് സാക്ഷിയുടെ ആരോപണം.
എന്നാൽ കഴിഞ്ഞ വർഷം ജനുവരിയിൽ മൊഴിമാറ്റിക്കാൻ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികൾ, ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്‍റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തനിക്കെതിരെ തെളിവ് കണ്ടെത്താൻ ആയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഹർജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. അതേസമയം 100 സാക്ഷികളെ വിസ്തരിച്ചിട്ടും ആരും ദിലീപിനെതിരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതിപ്പെട്ടിട്ടില്ല.
കേസുമായി ബന്ധപ്പെട്ട വിവിധയാളുകള്‍ക്ക് കോവിഡ് രോഗബാധയുണ്ടായതിനെത്തുടര്‍ന്നും കോടതി മാറ്റണം എന്ന ആവശ്യത്തെത്തുടര്‍ന്നുമൊക്കെ ഇതുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ പലവട്ടം മുടങ്ങിയിരുന്നു.
Post Your Comments