മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ജിജോ നവോദയയുടെ കഥയെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് ചിത്രമാണ് ബറോസ്. വർഷങ്ങൾക്ക് മുൻപേ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്‍തയാളാണ് ജിജോ പുന്നൂസ് എന്ന ജിജോ നവോദയ. മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ പടയോട്ടം സംവിധാനം ചെയ്തതും ജിജോ നവോദയയാണ്. ബറോസിന്റെ ക്രിയേറ്റീവ് ഡയറക്ടറും ജിജോയാണ്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രം സംവിധാനം ചെയ്ത് വൻ വിജയമാക്കിയ ജിജോ, ബറോസിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ സ്വപ്നപദ്ധതിയാണ് ചിത്രം.
ആശിർവാദ് സിനിമാസിന്റെ ഫേസ്ബുക് പേജിൽ വന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്റെ ചിത്രങ്ങൾ താരങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകനായ സന്തോഷ് ശിവൻ ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. കലാ സംവിധായകനായ സന്തോഷ് രാമനാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ.
പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുമെന്നാണ് ലഭ്യമായ വിവരം.
നാനൂറ് വര്‍ഷങ്ങളായി നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുന്ന ബറോസിന് മുന്നിലേക്ക് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.
Post Your Comments