ഐഎം വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ‘ മ്…( സൗണ്ട് ഓഫ് പെയിൻ )’ഓസ്കാർ സിനിമകളുടെ പട്ടികയിലേക്ക്. ഇന്ത്യയിൽനിന്നുള്ള ഒട്ടനവധി ചിത്രങ്ങൾ ഈ വർഷത്തെ ഓസ്കാറിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ ഓസ്കാർ മത്സരവേദിയിൽ ബാക്കിയുള്ള ചുരുക്കം ചില ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് മ്. കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യൻ ചിത്രമാണ് ” മ് ”.
ലോസ് എഞ്ചൽസിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്ന ഗാതർ ഫിലിംസ് അവരുടെ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ 21 മുതൽ 27 വരെ സിനിമ പ്രദര്‍ശിപ്പിക്കും.
ഐ എം വിജയനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന് പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലം വനത്തിൽ തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം.
ശ്രദ്ധേയ ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് ആണ് സിനിമയുടെ സംഗീതസംവിധായകൻ. പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ. മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ. ഈ വര്‍ഷം ആദ്യ പകുതിയോടെയാണ് കേരളത്തിൽ സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments