നവാഗത സംവിധായകര്‍ക്ക് അവസരം കൊടുക്കാൻ ധൈര്യം കാണിക്കുന്ന താരമാണ് മമ്മൂട്ടി. ലാല്‍ജോസ്, അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിങ്ങനെ നിരവധി സംവിധായകർ മമ്മൂട്ടി നൽകിയ അവസരത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നിട്ടുള്ളത്. ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ജോഫിന്‍ ടി ജോണിനും മമ്മൂട്ടി അവസരം നൽകിയിരിക്കുകയാണ്.
ജോഫിന്‍ ടി ജോണിന്‍റെ അരങ്ങേറ്റചിത്രമാണ് ഇത്. ഇപ്പോഴിതാ ജോഫിനും ദി പ്രീസ്റ്റിനും ആശംസകളുമായി എത്തിയിരിക്കുകയാണ് ‘ഒരു മറവത്തൂര്‍ കനവി’ലൂടെ മമ്മൂട്ടിക്കൊപ്പം കരിയര്‍ ആരംഭിച്ച സംവിധായകൻ ലാല്‍ജോസ്.
ലാല്‍ജോസിന്‍റെ വാക്കുകള്‍
മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്‍റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചിടത്താണ് എന്‍റെ ജീവിതത്തിന്‍റെ റൂട്ട് മാറുന്നത്. എന്നെപ്പോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉളളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു. പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ, ലാൽ ജോസ് കുറിച്ചു.
Post Your Comments