സുരേഷ് ഗോപിയെ നായകനാക്കി രാജസേനൻ സംവിധാനം ചെയ്ത ഹൊറർ ചിത്രമായിരുന്നു 2001-ൽ പുറത്തിറങ്ങിയ ‘മേഘസന്ദേശം’. തൻ്റെ സിനിമയിലെ പ്രേത കഥാപാത്രം പതിവിൽ നിന്ന് വിപരീതമായതിനാൽ അന്ന് ആ കഥാപാത്രത്തെയും, സിനിമയേയും അംഗീകരിക്കാൻ പലരും മടി കാണിച്ചെന്ന് സംവിധായകൻ രാജസേനൻ. ഒരു സിനിമ കണ്ടിട്ട് ഇത് എവിടേലും നടക്കുമോ? എന്ന് ചോദിക്കുന്നത് ബുദ്ധിശൂന്യമാണെന്നും എങ്ങും നടക്കാത്തതാണ് സിനിമയിലൂടെ പറയുന്നതെന്നും രാജസേനൻ ഒരു ഓൺലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കവേ വ്യക്തമാക്കുന്നു.
“ചില സിനിമ കണ്ടിട്ട് പ്രേക്ഷകർ പറയുന്ന ഒരു കാര്യമുണ്ട്. ഇത് എവിടെയെങ്കിലും നടക്കുമോ? സത്യത്തിൽ ആ പറച്ചിൽ ബുദ്ധി ശൂന്യമാണ്. എങ്ങും നടക്കാത്തതാണ് സിനിമയിലൂടെ പറയുന്നത്. ലോകം മൊത്തം ഏറ്റെടുത്ത ‘ടൈറ്റാനിക്’ എന്ന സിനിമ സാങ്കൽപ്പികമല്ലേ!. അത് ഇംഗ്ലീഷുകാരൻ്റെ സിനിമയായതുകൊണ്ട് ആരും ചോദ്യം ചെയ്യില്ല. .ഈ പാവം രാജസേനൻ ‘മേഘസന്ദേശം’ എന്ന സിനിമ എടുത്തപ്പോൾ ഇഡ്ഡലി കഴിക്കുന്ന പ്രേതം എന്നൊക്കെ പറഞ്ഞു ചിലർ കളിയാക്കി. പിന്നെ അങ്ങനെ തന്നെ ഞങ്ങൾ പരസ്യം കൊടുത്തു. ലോകത്തിലാദ്യമായി ഇഡ്ഡലി കഴിക്കുന്ന പ്രേതം എന്ന പരസ്യമായിരുന്നു പിന്നെ കൊടുത്തത്. പ്രേതം കളർ സാരിയുടുത്തപ്പോൾ അതും ചോദ്യം ചെയ്തു. അങ്ങനെ ആ സിനിമയെ പല രീതിയിൽ വിമർശിക്കുകയും പ്രേത കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ ആ സിനിമയേയും കഥാപാത്രത്തെയും പലരും അംഗീകരിക്കാൻ തയ്യാറായില്ല”.
Post Your Comments