സംവിധായകനും നടനുമായ നാദിർഷയുടെ മകളുടെ വിവാഹ ആഭരണങ്ങളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടതും അത് തിരികെ ലഭിച്ചതും വാർത്തയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായ എം.മുരളീധരനാണ് നാദിർഷായുടെ ബാഗ് കണ്ടെത്തി തിരികെ നൽകിയത്. ഇപ്പോഴിതാ മുരളീധരന് മാതൃകാ പ്രവർത്തനത്തിനുള്ള അംഗീകാരമായി റെയിൽവേ അധികൃതർ ആദരവ് നൽകിയിരിക്കുകയാണ്.
സത്യസന്ധതയും ജോലിയോടുള്ള ആത്മാർഥതയും കണക്കിലെടുത്താണ് മുരളീധരനെ ആദരിച്ചത്. ഇന്നലെ നടന്ന പ്രതിവാര ഡിവിഷൻ തല സുരക്ഷാ യോഗത്തിൽ ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി മുരളീധരനു സർട്ടിഫിക്കറ്റും കാഷ് അവാർഡും സമ്മാനിച്ചു.
കണ്ണൂരിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കോഴിക്കോട് വടകര, മേമുണ്ട സ്വദേശിയാണ്. കഴിഞ്ഞ വ്യാഴം രാവിലെയായിരുന്നു നാദിർഷയുടെ ബാഗ് നഷ്ടപ്പെട്ട സംഭവം.
യാത്രക്കാരന്റെ വിലപിടിച്ച വസ്തുക്കളടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന വിവരം ടിടിഐ മുരളീധരനു ലഭിക്കുമ്പോൾ മലബാർ എക്സ്പ്രസ് കാസർകോട് സ്റ്റേഷൻ പിന്നിട്ടിരുന്നു. സമയം പാഴാക്കാതെ സീറ്റ് നമ്പർ തിരക്കി കോച്ചിൽ ഓടിയെത്തി പരിശോധിച്ചു. സീറ്റിനടിയിലെ ബാഗ് കണ്ടെത്തി. കുമ്പളയിൽ നിന്നു കയറിയ ആർപിഎഫ് ഉദ്യോഗസ്ഥർക്കു കൈമാറി. തുടർന്ന് മംഗളൂരുവിൽ വച്ച് ഇവരുടെ ബന്ധുവിനു ബാഗ് കൈമാറുകയും ചെയ്തു.
Post Your Comments