ശ്രീനിവാസന്റെ രചനാ വൈഭവത്തെക്കുറിച്ച് തുറന്നു സംസാരിച്ച് സംവിധായകന് സത്യന് അന്തിക്കാട്. ‘അഴകിയ രാവണന്’ എന്ന സിനിമയിലെ അരി പെറുക്കുന്ന സൂപ്പര്‍ ഹിറ്റ് ഡയലോഗ് എഴുതാന്‍ ശ്രീനിവാസന് പതിനഞ്ച് ദിവസത്തോളം ചിന്തിക്കേണ്ടി വന്നുവെന്നും, എന്നാല്‍ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ഡയലോഗ് ശ്രീനിവാസന് സെറ്റില്‍ ഇരുന്നാണ് എഴുതിയതെന്നും സത്യന് അന്തിക്കാട് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ഓര്‍മ്മിക്കുന്നു.
“തനിക്ക് കഴിയാത്തത് ഒരിക്കലും ശ്രീനി ചെയ്യാറില്ല. സെറ്റില്‍ ഇരുന്നു എഴുതിയ സംഭാഷണമാണ് ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന സന്ദേശത്തിലെ ഡയലോഗ്. അത് വലിയ ഹിറ്റായി മാറി, അത് പോലെ ‘അഴകിയ രാവണന്’ എന്ന സിനിമയിലെ ‘അരി പെറുക്കുന്ന’ ഹ്യൂമര്‍, പതിനഞ്ച് ദിവസത്തെ ആലോചനയ്ക്ക് ശേഷമാണു ശ്രീനി അങ്ങനെയൊരു ഡയലോഗ് അതില്‍ ചിന്തിച്ചെടുത്തത്. ശ്രീനിവാസന് എന്നത് ഒരു പ്രതിഭ തന്നെയാണ്, അത് കൊണ്ടു തന്നെ ഒന്നും അറിയാത്ത ചിലര്‍ കാലിന്മേല് കാലും കയറ്റി വച്ചിരുന്നു ശ്രീനിവാസനെ കുറ്റം പറയുമ്പോള്‍ സ്വാഭാവികമായി എനിക്ക് ദേഷ്യം തോന്നാറുണ്ട്. ശ്രീനിവാസന് എപ്പോഴും പറയാറുണ്ട്. സിനിമയിലെ ഓരോ സീനും ആ സിനിമ പോലെ തന്നെയാണ്. അതിന്റെ തുടക്കം ഏറ്റവും സുന്ദരമാകണം. അത് പോലെ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിലുള്ള സീനുകളുടെ ഒരു മധ്യ ഭാഗം വേണം. കൈയ്യടിക്കാന്‍ തോന്നുന്ന രീതിയിലെ ക്ലൈമാക്സ് ഉണ്ടാക്കണം. അതായിരുന്നു ശ്രീനിവാസന് എന്ന എഴുത്തുകാരനിലെ സിനിമയുടെ കാഴ്ചപാട്”.
Post Your Comments