മാധവനും മണിരത്നവും വിളിച്ചു ; സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങി ശാലിനി

അജിത്തുമായുള്ള വിവാഹശേഷം ശാലിനി അഭിനയത്തോട് വിടപറയുകയായിരുന്നു

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങി നടി ശാലിനി. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മണിരത്‌നത്തിന്റെയും നടന്‍ മാധവന്റെയും പ്രത്യേക അഭ്യര്‍ഥനപ്രകാരമാണ് ശാലിനി അഭിനയത്തിലേക്ക് മടങ്ങിവരുന്നതെന്നാണ് റിപ്പോർട്ട്.

2000 നടന്‍ അജിത്തുമായുള്ള വിവാഹശേഷം ശാലിനി അഭിനയത്തോട് വിടപറയുകയായിരുന്നു. മണിരത്‌നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.

കല്‍കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Share
Leave a Comment