താൻ ആദ്യമായി കഥ കേട്ട രണ്ടു സൂപ്പർ ഹിറ്റ് സിനിമകളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിദ്ധിഖ്. ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ധിഖ് തനിക്ക് മുന്നിൽ ആദ്യമായി പറഞ്ഞ രണ്ടു മെഗാഹിറ്റ് സിനിമകളുടെ അനുഭവം വിവരിച്ചത്
“എൻ്റെയടുത്ത് കഥകൾ പറയാൻ ഒരുപാട് പേർ വന്നിട്ടുണ്ട്. ആദ്യമൊക്കെ കുറേ കഥകൾ കേൾക്കും. അതിലെ മിസ്റ്റേക്ക്സ് പറയാറുണ്ട്. ഞാൻ പുറത്തു നിന്ന് കഥകൾ അങ്ങനെ എടുക്കാത്തത് കൊണ്ട് ആ പരിപാടി നിർത്തി. നല്ല ഒരുപാട് കഥകൾ പലരും പറഞ്ഞിട്ടുണ്ട്. നല്ലതാണെങ്കിൽ എനിക്ക് അറിയാവുന്നവരോട് ഞാൻ അത് പറയും. ലാൽ ജോസിൻ്റെ ‘മീശ മാധവൻ’ എന്ന സിനിമയുടെ കഥ ലാൽ ജോസ് എന്നോട് പറഞ്ഞിരുന്നു. ഞാൻ അത് അന്നത്തെ ഒരു പ്രമുഖ വിതരണ കമ്പനിയോട് ആ സിനിമ ഏറ്റെടുക്കാൻ പറഞ്ഞിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല. പിന്നീട് സിനിമ സൂപ്പർ ഹിറ്റായപ്പോൾ അവർക്കത് വലിയ നഷ്ട ബോധമായിരുന്നു. അത് പോലെ റോഷൻ ആൻഡ്രൂസിൻ്റെ ‘ഉദയനാണ് താരം’ എന്ന സിനിമയുടെ കഥയും ഞാൻ കേട്ടിരുന്നു. ഇത് ശ്രീനിയെക്കൊണ്ട് എഴുതിക്കണമെന്ന് ഞാൻ റോഷനോട് പറഞ്ഞു. ശ്രീനി എഴുതാമെന്ന് ഏൽക്കണമെങ്കിൽ ചില കാര്യങ്ങളുണ്ട്, ആ രീതിയിൽ നീങ്ങിയാൽ ശ്രീനി ഇത് എഴുതുമെന്ന് ഞാൻ ഉറപ്പ് കൊടുത്തു. പിന്നീട് റോഷൻ എന്നെ വിളിച്ചു പറഞ്ഞത് “ശ്രീനി സാർ എഴുതാമെന്ന് സമ്മതിച്ചു”, എന്നാണ്. ഇനി ഒന്നും നോക്കണ്ട, ഗംഭീരമായി സംവിധാനം ചെയ്തോളൂ, സിനിമ സൂപ്പർ ഹിറ്റായിരിക്കുമെന്ന ആത്മവിശ്വാസം റോഷന് ഞാനും പകർന്നു നൽകി”.
Post Your Comments