അടുത്ത ദിവസങ്ങളിലായി നടി കങ്കണ റണൗട്ടിന്റെ ട്വീറ്റർ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള നടികളെ വെല്ലുവിളിച്ചുകൊണ്ട് കങ്കണ ഇട്ട പോസ്റ്റ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് കങ്കണയ്ക്കെതിരെ ഉയരുന്നത്.
ഇപ്പോഴിതാ വിമർശകർക്ക് കങ്കണ കൊടുത്ത മറുപടിയാണ് ഞെട്ടിച്ചിരിക്കുന്നത്. കങ്കണ ഇതൊക്കെ മനപ്പൂർവം പറയുന്നതാണോ അറിയാതെ പറയുന്നതാണോ എന്നാണ് പലരുടെയും സംശയം. ഇത്രയും കഴിവും ബുദ്ധിയുമുള്ള ഒരു നടി ഇത്തരത്തിൽ വിളിച്ചു പറയുന്നത് എന്തുകൊണ്ടാണെന്നാണ് പലരും ചോദിക്കുന്നത്.
കങ്കണയുടെ വൈറലായ ട്വിറ്റും അതിനു നൽകിയ മറുപടിയും ഇങ്ങനെയാണ്,’‘എനിക്ക് എത്ര ഓസ്കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവരോട്, എനിക്കും ഒരു ചോദ്യം ചോദിക്കാനുണ്ട്. എത്ര ദേശീയ, പത്മ പുരസ്കാരം മെറിൽ സ്ട്രീപ്പിനു ലഭിച്ചിട്ടുണ്ട്. ഒരെണ്ണം പോലുമില്ല. ഇതുനിങ്ങളുടെ മാനസികനിലയാണ് സൂചിപ്പിക്കുന്നത്. ആത്മാഭിമാനം സ്വയം കണ്ടെത്തി നന്നാകാൻ നോക്കൂ.’’–കങ്കണ ട്വീറ്റ് ചെയ്തു.
കങ്കണ ഇത് കാര്യമായാണോ അതോ തമാശയ്ക്കു പറയുന്നതാണോ എന്ന ആശയക്കുഴപ്പത്തിലാണ് വിമർശകരും. ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു നടിയുടെ ആദ്യ ട്വീറ്റ്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നേക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാന് കങ്കണയുടെ സ്വയം പുകഴ്ത്തൽ.
‘അഭിനയത്തിൽ ഞാൻ കാണിക്കുന്ന റേഞ്ചിൽ പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തുണ്ടാകില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള് ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും.’കങ്കണ ട്വീറ്റ് ചെയ്തു.
Post Your Comments