ലോകസിനിമയിലെ പ്രതിഭയുള്ള നടിമാരെ വെല്ലുവിളിച്ചുകൊണ്ട് ബോളിവുഡ് നടി കങ്കണ റണൗട്ട് ട്വിറ്റ് ചെയ്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തന്റെ മറ്റൊരു ട്വിറ്റിൽ, ഇപ്പോള്‍ ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ താന്‍ ടോം ക്രൂയിസിനേക്കാള്‍ മികച്ചതാണെന്നും, ബ്രേവ് ഹാര്‍ട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകന് തന്നോട് ഇത് പറഞ്ഞിട്ടുണ്ടെന്നും കങ്കണ അവകാശപ്പെടുന്നു.
താരത്തിന്റെ ട്വിറ്റർ പോസ്റ്റുകൾ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കങ്കണയ്ക്ക് പ്രശാന്ത് ഭൂഷൻ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. മണികര്‍ണികയുടെ ചിത്രീകരണത്തില്‍ കങ്കണ ഒരു ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന രംഗം ട്വീറ്റ് ചെയ്തുകൊണ്ട് താരത്തെ പരിഹസിക്കുകയാണ് പ്രശാന്ത് ഭൂഷൻ.
‘ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാള്‍ ബുദ്ധിയും കഴിവും ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ എന്റെ അഹങ്കാരം ഞാന്‍ ഉപേക്ഷിക്കാം, പക്ഷേ അതു വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാന്‍ തുടരും.’ തന്റെ പുതിയ സിനിമകളായ ധാക്കടില് നിന്നും തലൈവിയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ട്വീറ്റ്.
‘അഭിനയത്തില്‍ ഞാന്‍ കാണിക്കുന്ന അളവിലുള്ള പ്രകടനം നടത്തുന്ന നടിമാര്‍ ഇന്ന് ലോകത്തില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാല്‍ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും’- ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.
Post Your Comments