മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി ഒരുക്കിയ ദേവാസുരം. 150 ലധികം ദിവസങ്ങൾ തീയറ്ററുകളിൽ ഓടിയ ദേവാസുരം നാടാകെ കശപിശ നടത്തുന്ന ഒരു ചട്ടമ്പിയെക്കാൾ തറ ജീവിതം നയിച്ച, ഒരു പെണ്ണിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത തെമ്മാടിയുടെ ജീവിതമായി വായിക്കാം. പെണ്ണ് പിടിയനും ആഭാസനും കള്ളുകുടിയനുമായ മംഗലശ്ശേരി നീലകണ്ഠനെന്ന, പൗരുഷത്തിന്റെ ആൾ രൂപമായി പകർന്നാടിയത് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും. വെള്ളിത്തിരയിലെ ഈ നായകന്റെ ജീവിതം രഞ്ജിത് സൃഷ്ടിച്ചത് മുല്ലശ്ശേരി രാജഗോപാൽ എന്ന കോഴിക്കോട്ടുകാരന്റെയും അദ്ദേഹത്തിന്റെ പ്രിയപത്നി ലക്ഷീ രാജഗോപാലിൽ നിന്നുമാണ്.
വെള്ളമടിച്ചും ചീട്ടുകളിച്ചും സ്വത്തുക്കൾ പോലും നഷ്ടപ്പെടുത്തിയ മംഗലശ്ശേരി നീലകണ്ഠന്റെ ജീവിതം അഭ്രപാളിയിൽ അരങ്ങു തകർത്തപ്പോൾ നീലകണ്ഠന്റെ കഥയില്‍ ആദ്യം മരിച്ചത് ഭാനുമതിയാണ്. പക്ഷെ ജീവിതത്തില്‍ മുമ്പേപോയത് നീലകണ്ഠനും. കോഴിക്കോട് നടക്കാവിലെ മുല്ലശ്ശേരിവീട്ടില്‍ നിന്നും രാജഗോപാലന്‍ എന്ന നീലകണ്ഠന്‍ വിടപറഞ്ഞിട്ടു പതിനെട്ടു വർഷങ്ങൾ ആകുകയാണ്. ഈ നായകൻ മലയാള സിനിമയിലും പ്രേക്ഷകർക്കിടയിലും ഹീറോ വില്ലനാണ്. നീലകണ്ഠന്റെ ജീവിതത്തെക്കുറിച്ചു രാജുവിന്റെ സ്വന്തം ഭാനുമതിയായ ലക്ഷ്മി മുൻപ് പല അഭിമുഖങ്ങളിലും പങ്കുവച്ചിട്ടുണ്ട്.
READ ALSO:ബാഹുബലിയിലെ ശിവകാമിയുടെ വേഷപ്പകർച്ചയിൽ നടി കൃഷ്ണപ്രഭ; ശ്രദ്ധേയമായി ചിത്രങ്ങൾ
ദേവാസുരം ഇറങ്ങിയതിന്റെ പിറ്റേദിവസം മോഹന്‍ലാലും രഞ്ജിത്തും സിനിമയുടെ കാസറ്റുമായി വീട്ടിലേക്ക് കയറിവന്നു. രാജുവേട്ടന്‍ കിടപ്പിലാണ്. അദ്ദേഹത്തെ സിനിമ കാണിക്കാനുള്ള വരവാണ്. സിനിമ കണ്ടശേഷം ലാല്‍ ആവേശത്തോടെ ചോദിച്ചു ‘എങ്ങനെയുണ്ട് രാജുവേട്ടാ നീലകണ്ഠന്‍..? ‘ലാലേ നീ എന്നെ നന്നാക്കിയിട്ടുണ്ട്. ഞാന്‍ ഇതിനേക്കാള്‍ മോശക്കാരനായിരുന്നെടോ’ എന്നായിരുന്നുവെന്നു ലക്ഷ്മിയെന്ന ബേബിച്ചേച്ചി ഓർമ്മിക്കുന്നു.
”സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി പ്രശസ്തനാണ് രഞ്ജിത്ത്. എന്നാല്‍ ഞങ്ങള്‍ക്ക് രഞ്ജിത്ത് മകനാണ്. ഞങ്ങളുടെ പിറക്കാതെ പോയ മൂത്തമകന്‍, ദേവാസുരം എന്ന സിനിമയിറക്കുന്നകാര്യമോ ഞങ്ങളെ മൂല കഥാപാത്രമാക്കി തിരക്കഥയെഴുതുന്ന കാര്യമോ രഞ്ജിത്ത് പറഞ്ഞിരുന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ മോഷ്ടിച്ചിട്ടുണ്ട് എന്നു മാത്രമെ പറഞ്ഞിരുന്നുള്ളൂ. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ക്ക് വായിക്കാന്‍ തന്നു. കടാലാസു കൂട്ടങ്ങളില്‍ ഞങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ശ്വാസമടക്കി പിടിച്ചു വായിച്ചു പിന്നെ ഞങ്ങള്‍ ഇരുവരും പരസ്പരം നോക്കി. ജീവിച്ചു തീര്‍ത്ത ദിനങ്ങളും വര്‍ഷങ്ങളും…രഞ്ജിത്തിന്റെ വാക്കുകള്‍ ഒപ്പിയെടുത്തിരിക്കുന്നു.” മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
READ ALSO:സച്ചിയുടെ “വിലായത്ത് ബുദ്ധ” തന്നിലേയ്ക്കെത്തിയ കഥ പറഞ്ഞ് ജയന്‍ നമ്പ്യാര്‍
മോഹന്‍ലാല്‍ അഭിനയിപ്പിച്ചു ഫലിപ്പിച്ചതിലും തീഷ്ണമായിരുന്നു മുല്ലശേരി രാജഗോപാല്‍ എന്ന രാജുവിന്റെ ജീവിതം. മദ്യവും സൗഹൃദവും ഇഴപിരിഞ്ഞു കിടന്ന രാജുവിന്റെ ജീവിതത്തിൽ ശുദ്ധസംഗീതവും ആറാടിയിരുന്നു. രാജുവുമായുള്ള വിവാഹത്തെക്കുറിച്ചു ലക്ഷ്മി പങ്കുവയ്ക്കുന്നതിങ്ങനെ… ”രാജുവേട്ടന്‍ ആദ്യം എന്നെ വിവാഹം കഴിക്കാന്‍ അന്വേഷണവുമായി വന്നതാണ്. പക്ഷെ എനിക്ക് ഇഷ്ടമായിരുന്നില്ല. ആരെ കല്യാണം കഴിച്ചാലും രാജുവേട്ടനെ കല്യാണം കഴിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം അത്ര നല്ലതായിരുന്നില്ല അദ്ദേഹത്തെക്കുറിച്ച് കേട്ടറിഞ്ഞതൊന്നും. അങ്ങനെ ആ ശ്രമം രാജുവേട്ടന്‍ ഉപേക്ഷിച്ചു. കാലം പിന്നെയും പോയി. രാജവേട്ടനെ എന്തെന്ന് അടുത്തറിയാന്‍ ഇടയായപ്പോള്‍ ആ മനസിലെ നന്മകള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവോടെ ശക്തമായ ഒരു തീരുമാനം ഞാനെടുത്തു. വിവാഹം കഴിക്കുകയാണെങ്കില്‍ അത് രാജുവേട്ടനെ മാത്രം. അങ്ങനെയാണ് ഞാന്‍ ആ ജീവിതത്തിലേക്ക് നടന്നുകയറിയത്.
മരിക്കുന്നതിന് 22 വര്‍ഷം മുമ്പ് തന്നെ രാജുവേട്ടന്‍ തളര്‍ന്നു കിടപ്പായിട്ടുണ്ട്. ഒരു സ്റ്റെയര്‍ കെയ്‌സില്‍ നിന്ന് വീണു പരുക്കേറ്റതോടെയാണ് തളര്‍ച്ചയുടെ തുടക്കം. ശരീരം തളര്‍ന്നു കിടക്കുമ്പോളും ആ മനസ് തളര്‍ന്നിരുന്നില്ല. കാണാന്‍ വരുന്നവര്‍ ആ കിടപ്പു കണ്ടിട്ട് സങ്കടം തോന്നുന്നു എന്നു പറയും. അപ്പോളും രാജുവേട്ടന്‍ തുറന്നു ചിരിക്കുകയായിരുന്നു. ശരീരം തളര്‍ന്നെങ്കിലും തളരാത്ത മനസിനുടമയായിരുന്നു അദ്ദേഹം. അതു കണ്ടു ശീലിച്ചിട്ടാവണം അര്‍ബുദം പിടിപെട്ടപ്പോള്‍ ആത്മധൈര്യത്തോടെ നേരിടാന്‍ എനിക്കായത്. ഒപ്പം ഡോ. ഗംഗാധരന്‍ തന്ന ആത്മവിശ്വാസവും. മനക്കരുത്തോടെ നേരിട്ടപ്പോള്‍ രോഗം എന്നെ വിട്ടു പോകുകയും ചെയ്തു.
READ ALSO:മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം സ്വാസിക ബിഗ് സ്‌ക്രീനിൽ നായികയായി എത്തുന്നു
തിരുവനന്തപുരം മരിയ്ക്കാര്‍ മോട്ടോഴ്‌സില്‍ മെക്കാനിക്കായിരുന്നു രാജുവേട്ടന്‍. ആ കാലത്ത് സംഗീത പഠനാര്‍ത്ഥം യേശുദാസും അവിടെയുണ്ടായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളായി. ആ സൗഹൃദം ചാലപ്പുറത്തെ മുല്ലശേരി തറവാട്ടിലേക്ക് യേശുദാസിനെ നയിച്ചു. അന്ന് യേശുദാസിനെ ദാസപ്പന്‍ എന്നായിരുന്നു രാജുവേട്ടന്‍ വിളിച്ചിരുന്നത്. പിന്നെ പാടിക്കൊഴുപ്പിച്ച പകലുകളും സന്ധ്യകളും. വിവാഹശേഷം രണ്ടു തവണയായി എട്ടു മാസത്തോളം യേശുദാസിന്റെ മദ്രാസിലെ വസതിയില്‍ ഞങ്ങള്‍ താമസിച്ചിട്ടുണ്ട്. ചികിത്സയുടെ ഭാഗമായിട്ടായിരുന്നു താമസം. എന്നിട്ടും ഫലമുണ്ടായില്ല.
ചാലപ്പുറത്തെ ഈ വീട് തറവാട്ടിലെ ഔട്ട് ഹൗസ് ആണ്. തറവാട് വിറ്റു പോയി. ഈ ഔട്ട് ഹൗസില്‍ ദാസും, ബാബുക്കയും (എം എസ് ബാബുരാജ്), പി. ജയചന്ദ്രനും, ദേവരാജന്‍ മാഷും രാഘവന്‍ മാഷുമെല്ലാം ഒത്തു കൂടിയ എത്രയോ മെഹഫിലുകള്‍. വിവാഹശേഷം ഒരിക്കല്‍ ബാബുക്ക ഹാര്‍മോണിയം വായിച്ചു പാടുന്നത് കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. പെട്ടിയില്‍ അങ്ങ് ലയിച്ചു ചേരുകയാണ് അദ്ദേഹം. കേള്‍ക്കുന്ന നമ്മളും അലിഞ്ഞില്ലാതാകുന്ന അവസ്ഥ. ഗിരിഷ് പുത്തഞ്ചേരിയും, പൂതേരി രഘുകുമാറും രാജുവേട്ടനെ തേടിയെത്തുന്നവരില്‍ പ്രധാനിയായിരുന്നു. കാലചക്രം അവരെയും മറച്ചു….”
Leave a Comment