മോഹൻലാലുമൊത്തുള്ള അഭിനയ നിമിഷത്തെക്കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു നടനും സംവിധായനുമായ വിനീത് കുമാർ. താൻ ബാലതാരമായി അഭിനയിച്ച ‘ഭരതം’ എന്ന സിനിമയിലെ ഓർമ്മകളാണ് ഒരു ചാനൽ അഭിമുഖത്തിൽ വിനീത് കുമാർ പങ്കുവച്ചത്.
” ‘ഭരതം’ എന്ന സിനിമ ചെയ്തപ്പോഴുണ്ടായ എക്സ്പീരിയൻസ് മറക്കാൻ കഴിയുന്നതല്ല. അതിലെ ഒരു സീൻ ഉണ്ട്. അച്ഛൻ്റെ മരണം അറിയാതെ അച്ഛന് വേണ്ടി ബലിയിടാൻ ഇരിക്കുന്ന ഒരു സീനുണ്ട്. കർമ്മി രാമനാഥൻ എന്ന പേര് ചൊല്ലുന്ന ശ്ലോകത്തിനടയിൽ പറയുമ്പോൾ ഞാൻ തിരിച്ചറിയുന്നു എൻ്റെ അച്ഛന് വേണ്ടിയാണ് ഞാൻ ബലി കർമ്മം ചെയ്യുന്നതെന്ന്. അത് ഭാരതപ്പുഴയുടെ തീരത്താണ് ചിത്രീകരിച്ചത്. വൈകുന്നേരം നാല് മണി സമയത്തായിരുന്നു ചിത്രീകരണം വെച്ചത്, പക്ഷേ ലാലേട്ടൻ മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ നിന്നെത്താൻ വൈകി. അവിടെ വരുമ്പോൾ അഞ്ചര കഴിഞ്ഞു. പിന്നെ റിഹേഴ്സൽ പോകാൻ സമയമില്ല. നേരേ ടേക്കിന് പോകാമെന്ന് സിബി സാർ പറഞ്ഞതോടെ എനിക്ക് ടെൻഷനായി. പക്ഷേ എൻ്റെ ടെൻഷൻ ആ സീനിന് ഏറെ ഗുണം ചെയ്തു എന്നതാണ് സത്യം. ഞാനത് ചെയ്യുമ്പോൾ ലാലേട്ടൻ എൻ്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നത് ഇന്നും എനിക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ്. ആ നോട്ടം ലാലേട്ടനിലെ കഥാപാത്രത്തിൻ്റെ ഭാവ ചലനമായിരുന്നോ? അതോ എന്നിലെ കുട്ടി അങ്ങനെ ഒരു രംഗം മനോഹരമാക്കിയതിലെ കൗതുകമായിരുന്നോ? എന്ന് ഇന്നും എനിക്ക് പിടി കിട്ടിയിട്ടില്ല”. വിനീത് കുമാർ പറയുന്നു.
Post Your Comments