ആദ്യ സിനിമയിൽ അഭിനയിച്ച അനുഭവത്തെക്കുറിച്ച് നടി കെ.പി.എ.സി ലളിത. സിനിമയിൽ അഭിനയിക്കാനെത്തുമ്പോൾ ഏറെ ടെൻഷനോടെയാണ് ലൊക്കേഷനിൽ നിന്നതെന്നും തനിക്ക് സിനിമ പറ്റില്ലെന്ന് പറഞ്ഞു സംവിധായകൻ്റെ കാല് പിടിച്ചെന്നും ആദ്യ സിനിമയായ ‘കൂട്ടുകുടുംബം’ എന്ന സിനിമയുടെ വിശേഷങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു കൊണ്ട് കെ.പി.എ.സി ലളിത പറയുന്നു.
‘കൂട്ടുകുടുംബം’ എന്ന കെ എസ് സേതുമാധവൻ സാറിൻ്റെ സിനിമയിൽ ആദ്യമായി അഭിനയിക്കാൻ വരുമ്പോൾ എൻ്റെ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കെ.എസ് സേതുമാധവൻ എന്ന സംവിധായകൻ കുറച്ച് ചൂടനാണ്. എന്ന് ചിലർ പറഞ്ഞതും എനിക്ക് ടെൻഷനായി. സിനിമ തുടങ്ങുന്നതിൻ്റെ തലേ ദിവസം ഞാൻ ഉറങ്ങിയതേയില്ല. “നമുക്ക് സിനിമ വേണ്ട നാടകം മതി അച്ഛാ” എന്ന് പറഞ്ഞെങ്കിലും അഭിനയിച്ചു നോക്കാൻ അച്ഛൻ പറഞ്ഞു. പിറ്റേ ദിവസം രാവിലെ സേതുമാധവൻ സാറിനെ കണ്ടതും ഞാൻ കാലിൽ വീണു. “എനിക്ക് സിനിമ പറ്റില്ല എന്നെ വിട്ടേക്കൂ”, എന്നായിരുന്നു ഞാൻ അപേക്ഷിച്ചത്. “നമുക്ക് എടുത്ത് നോക്കാം, എടുക്കുന്നത് ശരിയാകുന്നില്ലേൽ ലളിത പൊയ്ക്കോളൂ” എന്ന് പറഞ്ഞു. ക്ലാപ്പ് ബോർഡ് അടിക്കാതെ എന്നെ കംഫർട്ടാക്കുന്ന രീതിയിലാണ് ആദ്യ ഷോട്ട് എടുത്തത് . അരി പാറ്റുന്ന സീനായിരുന്നു. അരി പാറ്റിക്കൊണ്ടു “ഞാൻ എടുത്തില്ല” എന്ന് പറയുന്നതായിരുന്നു സിനിമയിലെ എൻ്റെ ആദ്യ ഷോട്ട്”.
Post Your Comments