സിദ്ധിഖ് സംവിധാനം ചെയ്തു 1996-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മൂവിയാണ് ‘ഹിറ്റ്ലര്‍’. മമ്മൂട്ടി നായക വേഷത്തിലെത്തിയ സിനിമയുടെ ഭൂതകാല ഓര്‍മ്മകള്‍ പുതുക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്. മമ്മൂട്ടി പ്രതിഫലം പോലും വാങ്ങാതെ ചെയ്ത ‘ഹിറ്റ്ലര്‍’ എന്ന സിനിമ ഇന്നത്തെ കാലഘട്ടത്തില്‍ ഇനി അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അത് കൊണ്ട് തന്നെ ‘ഹിറ്റ്ലര്‍’ എന്ന സിനിമയ്ക്ക് ഇനി ഒരു രണ്ടാം ഭാഗം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും തുറന്നു പറയുകയാണ് സിദ്ധിഖ്. വനിത മാഗസിനിലെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന പ്രത്യേക പംക്തിയിലാണ് സിദ്ധിഖ് ഹിറ്റ്ലറിന്റെ ഓര്‍മ്മകള്‍ പുതുക്കിയത്.
“മമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ‘ഹിറ്റ്ലര്‍’. പടം റിലീസായി കഴിഞ്ഞാണ് മമ്മുക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയത്. മറ്റു പല ഭാഷകളിലേക്കും ഹിറ്റ്ലര്‍ റീമേക്ക് ചെയ്തു. തെലുങ്കില്‍ ചിരഞ്ജീവിയും, തമിഴില്‍ സത്യരാജും, ഹിന്ദിയില്‍ സുനില്‍ ഷെട്ടിയുമായിരുന്നു നായകന്മാര്‍. ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു. വലിയ ഹിറ്റുമായിരുന്നു. പക്ഷേ മമ്മുക്കയുടെ ഹിറ്റ്ലറാണ് എനിക്കിഷ്ടം. പ്രേക്ഷകര്‍ക്കും അങ്ങനെയായിരിക്കും എന്ന് ഉറപ്പാണ്. ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ‘ഹിറ്റ്ലര്‍’ എന്ന കഥാപാത്രമുണ്ട്. രണ്ടാം ഭാഗത്തെക്കുറിച്ച് ഈ അടുത്തകാലത്തും ഞാന്‍ ചിന്തിച്ചു. പക്ഷേ ഇപ്പോഴത്തെ ജനറേഷന്‍റെ ആളല്ല മാധവന്‍ കുട്ടി. അയാളുടെ ജീവിതം അവര്‍ക്ക് മനസിലാകണമെന്നില്ല. അതിനാല്‍ എത്രത്തോളം അതിനൊരു വിജയ സാധ്യതയുണ്ടെന്ന സംശയമുണ്ട്. തല്‍ക്കാലം വേണ്ട എന്ന തീരുമാനത്തിലാണ്. ബാക്കിയൊക്കെ വരുന്നത് പോലെ”.
Post Your Comments