സ്ഥിരമായി തമാശ ചെയ്യുന്ന നടന്മാർ സീരിയസ് വേഷം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നടൻ കുഞ്ചൻ. ‘ലേലം’, ‘പത്രം’ പോലെയുള്ള സിനിമകളിൽ സീരിയസ് വേഷം ചെയ്തിട്ടും പ്രേക്ഷകർക്ക് പ്രിയം ‘ഏയ് ഓട്ടോ’ പോലെയുള്ള സിനിമയിലെ കഥാപാത്രമാണെന്ന് ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവേ തുറന്നു പറയുകയാണ് കുഞ്ചൻ. ‘ആറാം തമ്പുരാൻ’ എന്ന സിനിമയ്ക്കിടെയുണ്ടായ ഒരു സംഭവത്തെക്കുറിച്ചും കുഞ്ചൻ മനസ്സ് തുറക്കുന്നു.
“കൊമേഡിയന്മാർ സീരിയസ് വേഷം ചെയ്യുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എല്ലാ ഫ്രെയിമിലും ചിരിയുമായി എത്തുന്ന തമാശ നടന്മാർ സീരിയസ് വേഷം ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കണം കാരണം അവരുടെ മൂവ്മെൻറിൽ എന്തെങ്കിലും ഒരു താളപ്പിഴ വന്നാൽ പ്രേക്ഷകർ ചിരിക്കും. കാരണം ആ നടനെ കണ്ട് പ്രേക്ഷകർക്ക് എപ്പോഴും ചിരിച്ചാണ് ശീലം. ‘ലേലം’, ‘പത്രം’ പോലെയുള്ള സിനിമകളിൽ ഞാനും സീരിയസ് വേഷം ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ എല്ലായ്പ്പോഴും ആളുകൾ ഓർത്തിരിക്കുന്നത് ‘ഏയ് ഓട്ടോ’ എന്ന സിനിമയിലെ രമണൻ്റെ വേഷമാണ്. ഇപ്പോഴത്തെ ജനറേഷനിലെ കുട്ടികൾ പോലും എന്നെ കാണുമ്പോൾ ‘ഏയ് മുണ്ടാ’ എന്ന് വിളിച്ചിട്ട് പോകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. മറ്റു ചിലരുണ്ട് നമ്മളെ അറിയാമെങ്കിലും അറിയാത്ത ഭാവം കാണിക്കും. ആറാം തമ്പുരാൻ്റെ സെറ്റിൽ ഞാനും മഞ്ജു വാര്യരും സംസാരിച്ചു കൊണ്ടിരുന്നപ്പോൾ രണ്ടു പിള്ളേർ വന്നു ചോദിച്ചു. “മഞ്ജു വാര്യരെ മനസ്സിലായി ചേട്ടനാരാ ?” ഞാൻ പറഞ്ഞു മഞ്ജു വാര്യരുടെ ബ്രദർ കുഞ്ചു വാര്യർ. അപ്പോൾ അവർ പറഞ്ഞു ചേട്ടൻ കുഞ്ചനല്ലേ? അങ്ങനെയും ചില ആളുകളുണ്ട്”. കുഞ്ചൻ പറയുന്നു
Post Your Comments