നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് രാജീവ് പിള്ള.ഇപ്പോഴിതാ മമ്മൂട്ടിയോടപ്പമുള്ള ചിത്രീകരണ വേളയിലുണ്ടായ അനുഭവം പങ്കുവെക്കുകയാണ് രാജീവ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു താരം മനസ് തുറന്നത്.
പതിനെട്ടാം പടി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രീകരണ സമയത്ത് മമ്മൂട്ടി നിരവധി ഉപദേശങ്ങൾ തന്നിട്ടുണ്ടെന്നും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തത് ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവം ആയിരുന്നുവെന്നും രാജീവ് പറയുന്നു.
‘ഒരു ദിവസം ബ്രേക്ക് സമയത്ത് ഡയറ്റിലായിരുന്ന എന്നെ ഭക്ഷണപ്രിയനായ ഞങ്ങളുടെ നിർമ്മാതാവ് തമാശയ്ക്ക് കളിയാക്കി. അന്ന് മമ്മൂക്കയാണ് രക്ഷിച്ചത്. നല്ല ശരീരം ലഭിക്കാൻ ഒരു വില കൊടുക്കണമെന്നും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചാൽ അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂക്കയും ഞാനും ഒരേ ജിമ്മിൽ ആണ് പോകുന്നത്. സിനിമ ചിത്രീകരണ സമയത്തുപോലും അദ്ദേഹം കൃത്യമായ ഡയറ്റ് എടുക്കുന്നയാളാണ്. മമ്മൂക്കയുടെ ഫിറ്റ്നസിന്റെ വലിയ ആരാധകൻ കൂടിയാണ് ഞാൻ’, രാജീവ് പിള്ള പറയുന്നു.
മമ്മൂക്കയ്‌ക്കൊപ്പം രംഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് വളരെ ആശങ്കയിൽ ആയിരുന്നുവെന്നും ഇതറിഞ്ഞ അദ്ദേഹം തന്നെ ആശ്വസിപ്പിക്കുകയും രംഗത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ പറഞ്ഞുവെന്നും രാജീവ് പിള്ള കൂട്ടിച്ചേർത്തു.
സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെയാണ് രാജീവ് പിള്ള മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.
Post Your Comments