താൻ ആദ്യമായി തനിച്ച് തിയേറ്ററിൽ പോയി കണ്ട സിനിമയെക്കുറിച്ച് സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി. താൻ ചെയ്ത സിനിമകളിൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമയെക്കുറിച്ചും ലിജോ മനസ്സ് തുറക്കുകയാണ് .കെ ജി ജോർജ്ജിൻ്റെയും പത്മരാജൻ്റെയും സിനിമകൾ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് പഞ്ചവടിപ്പാലമാണ് ആമേൻ സിനിമ ചെയ്യാൻ കാരണമായതെന്ന് ഒരു അഭിമുഖത്തിൽ സംസാരിക്കവേ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു
“ഞാൻ തിയേറ്ററിൽ പോയി ഒറ്റയ്ക്ക് കണ്ട ആദ്യത്തെ സിനിമ ലാലേട്ടൻ്റെ ‘സീസൺ’ ആയിരുന്നു. പത്മരാജൻ സാർ സംവിധാനം ചെയ്ത സിനിമ കാണാൻ പോയത് റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ തന്ന പൈസയും കൊണ്ടായിരുന്നു. ആ സമയത്ത് ഒരു ദിവസം തന്നെ ഒന്നിലധികം സിനിമകൾ ഞാൻ കാണുമായിരുന്നു. അത് പോലെ ഒരു സിനിമ ഒന്നിലധികം തവണ കാണുന്ന ശീലവും എനിക്ക് ഉണ്ട്. സിനിമ ആയിരുന്നു അന്നത്തെ എൻ്റെ ജീവവായു. അത് കാണാനായി സാധനങ്ങളുടെ വിലയൊക്കെ ഞാൻ രണ്ട് രൂപ കയറ്റി വയ്ക്കും, അങ്ങനെ വീട്ടിൽ നിന്ന് കിട്ടുന്ന പൈസയിൽ സിനിമ കാണും. കെ ജി ജോർജ്ജ് സാറിൻ്റെയും, പത്മരാജൻ സാറിൻ്റെയും സിനിമകളൊക്കെ അന്നത്തെ എൻ്റെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ‘പഞ്ചവടിപ്പാലം’ എന്ന സിനിമ ഇവിടെയുള്ളത് കൊണ്ടാണ് എനിക്ക് ‘ആമേൻ’ പോലെ ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത്. ഞാൻ ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ‘ഡബിൾ ബാരലാണ്’. എൻ്റെ മറ്റു സിനിമകൾ വീണ്ടും കണ്ടാൽ എനിക്ക് ബോറടിക്കും. പക്ഷേ ഡബിൾ ബാരൽ ഞാൻ വീണ്ടും വീണ്ടും കാണുന്ന സിനിമയാണ്. ഡബിൾ ബാരൽ ആസ്വദിക്കണമെങ്കിൽ ബുദ്ധി ജീവിയാകണം എന്ന് പറയുമ്പോൾ ഒരു ബുദ്ധിയും വേണ്ട ആ സിനിമ ആസ്വദിക്കാൻ എന്നതാണ് എൻ്റെ പക്ഷം”. ലിജോ പറയുന്നു
Post Your Comments