പ്രാങ്ക് വിഡിയോകളിലൂടെ സുപരിചിതനായ അനൂപ് പന്തളത്തിന്റെ ഇരയായത് ഇത്തവണ നടി സ്വാസികയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വാസികയുടെ സംസ്ഥാന അവാർഡ് പുരസ്കാരം അനൂപും സംഘവും അടിച്ചുമാറ്റി താരത്തെ പറ്റിക്കുന്നതാണ് വീഡിയോയിൽ.
സംസ്ഥാന പുരസ്കാരദാന ചടങ്ങിനു ശേഷം സ്വാസികയും സിജു വിൽസണും വാസന്തി സിനിമയുടെ സംവിധായകരായ ഷിനോസ് റഹ്മാന്‍–സജാസ് റഹ്മാന്‍ എന്നിവരും അഭിമുഖത്തിനു വേണ്ടി ഒന്നിച്ച സമയത്തായിരുന്നു പ്രാങ്ക്. പുരസ്കാര ഫലകങ്ങൾ തൊട്ടടുത്ത മേശയിലാണ് വെച്ചത്. അഭിമുഖത്തിനിടെ അനൂപും സംഘവും സ്വാസികയുടെ അവാർഡ് ഫലകം അടിച്ചുമാറ്റുകയായിരുന്നു.
അഭിമുഖത്തിനു ശേഷമാണ് ഫലകം കാണാതായ വിവരം സ്വാസിക മനസിലാക്കിയത്. ഒരു ചെറുപ്പക്കാരൻ ഫലകവുമായി പുറത്തുപോകുന്നത് കണ്ടെന്ന് ആരോ സ്വാസികയോടു പറഞ്ഞു. പൊലീസിനെ വിളിക്കമെന്നും ആവശ്യം ഉയർന്നു. സിജു വിൽസൺ ആണ് പൊലീസിനെ ഫോൺ ചെയ്തത്.
എന്നാൽ, സിജു വിൽസണും അനൂപും അറിഞ്ഞുകൊണ്ടായിരുന്നു പ്രാങ്ക്. പൊലീസെന്നു പറഞ്ഞ് സിജു വിളിച്ചത് അനൂപിനെ തന്നെയായിരുന്നു. ഒടുവിൽ അനൂപ് നേരിട്ടെത്തി സ്വാസികയ്ക്കു അവാർഡ് ഫലകം തിരികെ നൽകിയതോടെയാണ് സ്വാസികയ്ക്ക് കാര്യം മനസിലായത്.
Post Your Comments