‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേശീയ തലത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോഴുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് നടി ജോമോൾ. ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വേറിട്ട അനുഭവം ജോമോൾ തുറന്നു പറഞ്ഞത്.
“പഞ്ചാബി ഹൗസിൻ്റെ സെറ്റിൽ വച്ചായിരുന്നു എനിക്ക് നാഷണൽ അവാർഡ് കിട്ടിയ വിവരം അറിയുന്നത്. എഴുപുന്ന എന്ന സ്ഥലത്ത് വച്ച് പഞ്ചാബി ഹൗസിൻ്റെ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോഴായിരുന്നു അവിടുത്തെ ലാൻഡ് ഫോണിലേക്ക് ഒരു ഫോൺ കോൾ വരുന്നത്. അന്ന് ആരുടെ കയ്യിലും അങ്ങനെ മൊബൈൽ ഇല്ലാത്തതിനാൽ അവിടുത്തെ ലാൻഡ് നമ്പറിലേക്ക് ആകും എല്ലാവർക്കുമുള്ള ഫോൺ വരിക. എനിക്ക് ഫോൺ വന്നപ്പോൾ ദിലീപേട്ടനാണ് എടുത്തത്. നിന്നെ കോളേജിൽ നിന്ന് പറഞ്ഞു വിട്ടു എന്ന് അറിയിച്ചു കൊണ്ട് കോളേജ് പ്രിൻസിപ്പൽ വിളിക്കുന്ന ഫോൺ ആണെന്നും പറഞ്ഞു ദിലീപേട്ടൻ എൻ്റെ കയ്യിൽ ഫോൺ തന്നു. പ്രമുഖ നിർമ്മാതാവ് ദിനേശ് പണിക്കർ ആയിരുന്നു എന്നെ വിളിച്ച് ആ സന്തോഷ വാർത്ത പറഞ്ഞത്. നാഷണൽ അവാർഡ് ലഭിച്ചു എന്നറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. ഫോൺ വച്ച ശേഷം ഞാൻ ഈ കാര്യം പഞ്ചാബി ഹൗസിൻ്റെ സെറ്റിലുള്ളവരോട് പറഞ്ഞപ്പോൾ അവർക്കും എന്നേക്കാൾ അത് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം”.
Post Your Comments