മൗറീഷ്യസിലെ ഒരു അമ്യുസ്മെൻറ് പാർക്കിൽ പോയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ ജയറാം. ഒരു ഒൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു ജയറാം വിദേശത്ത് വച്ചുണ്ടായ ഏറെ രസകരമായ അനുഭവം വിവരിച്ചത്.
“അമ്യുസ്മെൻറ് പാർക്കുകളിൽ പോകുമ്പോൾ പേടിപ്പെടുത്തുന്ന റൈഡുകളിൽ ഒന്നും ഞാൻ കയറില്ല. അശ്വതിക്കും കണ്ണനും ചക്കിക്കുമൊക്കെ അതൊരു ഹരമാണ്. ഒരിക്കൽ മൗറിഷ്യസിൽ പോയപ്പോൾ എന്നെ അവർ ഒരു അബദ്ധത്തിൽ കൊണ്ട് ചാടിച്ചേനേ. ഞാൻ അതിലെ അപകടം മണത്തു എങ്ങനെയോ രക്ഷപ്പെട്ടതാണ്. ഒരു മലയുടെ മുകളിൽ നിന്ന് മറ്റൊരു മലയുടെ മുകളിലേക്ക് അന്തരീക്ഷത്തിൽക്കൂടി ചീറിപ്പായുന്ന റൈഡ്. എനിക്കും കൂടി ചേർത്താണ് അവർ അത് ബുക്ക് ചെയ്തത്. നമ്മുടെ ശരീരത്തിൻ്റെ അളവൊക്കെ എടുത്താണ് അതിൽ കയറ്റുന്നത്. വളരെ അപകടം പിടിച്ച സംഗതിയാണെന്ന് മനസ്സിലായതോടെ ഞാൻ അതിൽ നിന്ന് പിന്മാറി. ആ കഥ ഞാൻ സിദ്ധിഖിനോട് പറഞ്ഞപ്പോൾ ഞാൻ കൂടി അതിൽ പോയി എന്ന് വച്ച് കാച്ചി. നമ്മൾ ഒരു കഥ പറയുമ്പോൾ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പറയുമ്പോഴെ അതിനൊരു ഭംഗിയുണ്ടാവുകയുള്ളൂ .അതുകൊണ്ടാണ് ഒരു സിംഹത്തെ കണ്ടാൽ പത്ത് സിംഹത്തെ കണ്ടു എന്ന രീതിയിൽ ഞാൻ ആ കഥ അവതരിപ്പിക്കുന്നത്, അത് കേൾക്കുന്നവർക്കും ഭയങ്കര ഇഷ്ടമാണ്”.
Post Your Comments