ആദ്യമായി സിനിമയിൽ അവസരം ചോദിച്ചു പോയ അനുഭവം തുറന്നു പറഞ്ഞു സംവിധായകൻ ജയരാജ്.ഒരു കഥയെഴുതിയ ശേഷം അത് പറയാൻ താൻ ആദ്യം സമീപിച്ചത് സംവിധായകൻ ഫാസിലിനെ ആയിരുന്നുവെന്നും കഥയുടെ പ്രശ്നങ്ങൾ പറഞ്ഞു തന്ന അദ്ദേഹത്തോട് തന്നെ സഹസംവിധായകനായി കൂടെ നിർത്താമോ എന്ന ചോദ്യം ചോദിച്ചുവെന്നും ഇതുവരെ വെളിപ്പെടുത്താത്ത അനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു കൊണ്ട് ജയരാജ് പറയുന്നു.
“സിനിമയിൽ ഒരു അവസരം കിട്ടാനായി ഞാൻ ആദ്യം ചാൻസ് ചോദിച്ചു പോയത് സംവിധായകൻ ഫാസിലിനോടാണ്. ഒരു കഥയെഴുതി കൊണ്ടായിരുന്നു അദ്ദേഹത്തെ കാണാൻ പോയത്. ഒരു വാരികയിൽ നിന്ന് പാച്ചിക്കയുടെ നമ്പർ സംഘടിപ്പിച്ച് കഥ പറയാൻ വന്നോട്ടെ എന്ന് വിളിച്ചു ചോദിച്ചിട്ടാണ് പോയത്. കഥ ഫുൾ പറഞ്ഞു അതിൻ്റെ കുഴപ്പങ്ങൾ പാച്ചിക്ക എനിക്ക് പറഞ്ഞു തന്നു. അത് മനസ്സിലാക്കിയ ഞാൻ എന്നെ താങ്കളുടെ സഹസംവിധായകനായി നിർത്താമോ എന്ന് ചോദിച്ചു. സിദ്ധിഖ് ലാലിനെ പോലെയുള്ള പുതിയ ആളുകൾ തനിക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം അറിയിച്ചതോടെ ആ വഴിയും അടഞ്ഞു. .അന്ന് അവിടുന്ന് നിരാശയോടെ ഇറങ്ങിയെങ്കിലും ഞാൻ ഉറപ്പിച്ചിരുന്നു സിനിമയായിരിക്കും ഇനിയുള്ള കാലം എൻ്റെ ജീവിതമെന്ന്. ഒരു അടുത്ത ബന്ധു വഴി ലളിത ചേച്ചിയെ പരിചപ്പെടുകയും പിന്നീട് ഞാൻ ഭരതൻ സാറിലേക്ക് എത്തുകയുമായിരുന്നു. പിന്നീട് രണ്ടര വർഷക്കാലം അദ്ദേഹത്തിനൊപ്പം സഹസംവിധായകനായി വർക്ക് ചെയ്തു. ‘ചിലമ്പ്’ മുതൽ ‘വൈശാലി’ വരെ”.
Post Your Comments