മോഹൻലാലിനെ നായകനാക്കി നിരവധി സിനിമകൾ ഹിറ്റാക്കിയ സത്യൻ അന്തിക്കാട് എന്ന സംവിധായകൻ മോഹൻലാലിനെ പ്രതിനായക സ്ഥാനത്ത് നിർത്തിയും സിനിമകൾ ചെയ്തിട്ടുണ്ട്. 1984-ൽ പുറത്തിറങ്ങിയ പ്രശസ്ത സാഹിത്യകാരൻ വികെഎൻ തിരക്കഥ എഴുതിയ ഒരേയൊരു മലയാള ചിത്രമായ ‘അപ്പുണ്ണി’ എന്ന സിനിമയിലാണ് മോഹൻലാലിനെ സത്യൻ അന്തിക്കാട് പ്രതിനായക റോളിൽ കാസ്റ്റ് ചെയ്തത്. തൻ്റെ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായ മോഹൻലാൽ എന്ന നടനെ വില്ലനായി കാസ്റ്റ് ചെയ്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സത്യൻ അന്തിക്കാട്.
“അപ്പുണ്ണി ചെയ്യാൻ തീരുമാനിക്കുമ്പോൾ മോഹൻലാൽ വില്ലനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമാണ്. വി കെ എൻ എഴുതിയ കഥയാണ്. ‘അപ്പുണ്ണി എന്ന നീചൻ’ എന്നാണ് വികെഎൻ ആ സിനിമയ്ക്ക് പേരിട്ടത്. ‘നീചൻ’ എന്നത് ഞാൻ പിന്നെ വെട്ടി കളഞ്ഞതാണ്. നെടുമുടി വേണുവിന് ഒരു നിഷ്കളങ്ക ഭാവമുള്ളതിനാൽ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തു. പിശുക്കൻ അമ്മാവൻ കഥാപാത്രമായി ഗോപി ചേട്ടനെയും കാസ്റ്റ് ചെയ്തു. അമ്മുവിന് മോഹം തോന്നിപ്പിക്കുന്ന ഒരു വൈറ്റ് കോളർ മാൻ, കാണാൻ സുന്ദരൻ, പക്ഷേ അവനാണ് കഥയിലെ വില്ലൻ. അങ്ങനെയൊരു കഥാപാത്രം വന്നപ്പോൾ ആ സമയത്ത് വില്ലനായി കത്തി നിൽക്കുന്ന മോഹൻലാലിന് ആ വേഷം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ സിനിമ ചെയ്യുന്ന സമയത്താണ് സത്യത്തിൽ മോഹൻലാൽ അപാര സാധ്യതയുള്ള നടനാണല്ലോ ഇയാൾ എന്ന് ഞാൻ മനസ്സിലാക്കുന്നത്”. സത്യൻ അന്തിക്കാട് ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിൻ്റെ അഭിനയ മുഹൂർത്തങ്ങൾ മനസിലാക്കിയ സാഹചര്യത്തെക്കുറിച്ച് വിവരിച്ചത്.
Post Your Comments