പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം കൂടിയാണ് ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഇപ്പോഴിതാ സിനിമയെക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ മധുപാൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ജയസൂര്യയുടെ മികവുറ്റ അഭിനയപ്രകടനത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് മധുപാൽ.
മധുപാലിന്റെ വാക്കുകൾ
ചില നിമിഷങ്ങൾ ജീവിതത്തിൽ ഓർക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തിൽ ഒരുവന്റെ വിജയം കണ്ണു നനയിക്കും. അത് സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവന്റെ കണ്ണിലെ വെളിച്ചമില്ലായ്യയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവൻ മനുഷ്യർക്ക് പ്രതീക്ഷയും പ്രത്യാശയുമാകും.
ജയസൂര്യ എന്ന അഭിനേതാവിൻ്റെ ഒരു ചിത്രം മാത്രമല്ല വെള്ളം. അത് എത്രയോ മദ്യപാനികളുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തിൽ കാണില്ല. വഴിയരികിൽ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയൻ മാത്രമാണയാൾ.
ഒരു നടൻ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കിൽ ആ നടൻ അത്രമേൽ സത്യമുള്ളവനാകണം. കാഴ്ചയും അനുഭവവും ചേർന്ന പരകായപ്രവേശം. ജയസൂര്യയുടെ അഭിനയത്തിന്റെ സത്യമുള്ള മുഹൂർത്തങ്ങളാണ് വെള്ളം. ഒരു നടൻ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാൻ പാകമായത് എന്ന അർത്ഥത്തിൽ. ജയസൂര്യ പഞ്ചഭൂതവും ചേർന്ന പ്രപഞ്ചമാണ്. വെള്ളം ഈ നൂറ്റാണ്ടിന്റെ ചിത്രമാണ്. അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട പ്രജേഷിനും ജയസൂര്യയ്ക്കും, മധുപാൽ കുറിച്ചു.
Post Your Comments