സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള’. ഒടിടി റിലീസായി എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സജീവമായ ചർച്ചകളാണ് ഓരോ ദിവസവും നടക്കുന്നത്. ഏറ്റവും ഒടുവിൽ വന്ന ഒരു പ്രേക്ഷകന്റെ കുറിപ്പിന് മറുപടി പറയുകയാണ് സംവിധായകൻ ജിയോ ബേബി.
തുല്യത പ്രമേയമാക്കിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി’ൽ സുരാജിനും നിമിഷയ്ക്കും തുല്യ വേതനമായിരുന്നോ നൽകിയതെന്ന ചോദ്യത്തിനാണ് സംവിധായകന്റെ മറുപടി. ഇത്തരം ചോദ്യങ്ങളുമായി വരുന്നവർ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും, ശമ്പളം എത്ര കൊടുത്തെന്ന് പറയുവാൻ സൗകര്യമില്ലെന്നും ജിയോ ബേബി പറഞ്ഞു. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ജിയോ ബേബി ഇക്കാര്യം തുറന്നടിച്ചത്.
‘ഒന്നുകിൽ ഈ ചോദ്യം ചോദിക്കുന്നവർ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കിൽ വൺ ഇന്ത്യ വൺ പെൻഷൻ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാർക്കും മാസം പതിനായിരം രൂപ വെച്ച് കൊടുക്കണം എന്ന് പറയുന്നവരാണിവർ. ജില്ലാ കളക്റ്റർക്കും ഓഫീസിൽ കാവൽ നിൽക്കുന്നവർക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവർ. നല്ല പൊളിറ്റിക്സൊക്കെയാണ്. സമത്വം തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളിൽ അത് പ്രാവർത്തികമാക്കുന്നുണ്ടോ? വീട് പണിയുവാൻ വരുന്ന എഞ്ചിനീയർക്ക് മേസ്തരിയേക്കാൾ വേതനമുണ്ടാകും.
ഇതുമായി ബന്ധപ്പെട്ടാണ് പലതും നിൽക്കുന്നത്. ഈ സിനിമയിൽ സുരാജിന് എത്ര കൊടുത്തു, നിമിഷയ്ക്ക് എത്ര കൊടുത്തു, എന്ന് പറയാൻ എനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കഴിഞ്ഞാൽ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണോ ഇവരൊക്കെ വിചാരിക്കുന്നത്? അത് നിങ്ങളറിയണ്ട’. ജിയോ ബേബി പറയുന്നു.
Post Your Comments