‘മാസ്റ്റർ’ ബോക്സോഫീസിൽ കോടികൾ നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിൽ ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്സ് ആമസോൺ പ്രൈമിന് നൽകിയത് തർക്കത്തിനിടയാക്കിയിരുന്നു. തിയറ്റർ ഉടമകളും വിതരണക്കാരും പ്രതിഷേധം ശക്തമാക്കിയതോടെ പരിഹാര മാർഗവുമായി രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്ററിന്റെ നിർമ്മാതാവ്.
മൂന്നാം വാരത്തിലെ മുഴുവൻ കളക്ഷനും തിയ്യറ്ററുകൾക്ക് നൽകി തർക്കം പരിഹരിക്കാനാണ് വിഷയത്തിൽ ‘മാസ്റ്റർ’ നിർമ്മാതാവിന്റെ തീരുമാനം. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലഭിച്ച വൻ ഓഫറുകൾ വകവയ്ക്കാതെ ആയിരുന്നു കൊവിഡിനിടയിലും മാസ്റ്റർ നേരിട്ട് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
വിജയിയെയും, വിജയ് സേതുപതിയെയും പ്രധാന കഥാപാത്രങ്ങളായി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ജനുവരി 13നായിരുന്നു തിയേറ്ററിൽ റിലീസിനെത്തിയത്. ജനുവരി 29ന് ആമസോൺ പ്രൈമിലും ചിത്രമെത്തി. ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്‌സ് സ്വന്തമാക്കാൻ പ്രാരംഭഘട്ടത്തിൽ 36 കോടിയാണ് ആമസോൺ ചെലവാക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം ആമസോൺ പ്രൈമിലെത്തിക്കാൻ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് റിപ്പോർട്ടുകൾ. ആകെ മുടക്കുമുതൽ 51.5 കോടി രൂപ.130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് മാത്രം 220 കോടിയോളം നേടിയതായാണ് റിപ്പോർട്ടുകൾ.
Post Your Comments