കഥ കേൾക്കുമ്പോൾ തന്നെ ഈ സിനിമയിൽ ഈ നായിക മതി എന്ന് പറയുന്ന രീതി മമ്മൂട്ടിക്ക് ഉണ്ടെന്നും മമ്മൂട്ടി അത് പറയുമ്പോൾ ആ കഥാപാത്രം ചെയ്യാൻ അവരല്ലാതെ മറ്റാരും ഇല്ലല്ലോ എന്ന തോന്നൽ ആർക്കും സ്വയം ഉണ്ടായി പോകുമെന്നും തിരക്കഥാകൃത്ത് എസ്എൻ സ്വാമി പറഞ്ഞു. തന്റെ ഓർമ്മയിൽ മമ്മൂട്ടി അത്രത്തോളം നിർബന്ധത്തോടെ പറഞ്ഞത് പുതിയ നിയം എന്ന സിനിമയിലെ നായികാ കഥാപാത്രത്തെക്കുറിച്ചാണെന്നും അതിലെ വാസുകി അയ്യർ എന്ന വേഷം നയൻതാര തന്നെ ചെയ്യണം എന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായമെന്നും കപ്പ ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവേ എസ് എൻ സ്വാമി പറയുന്നു. എകെ സാജൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ നിയമത്തിൽ എസ് എൻ സ്വാമിയും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
“പുതിയ നിയമം എന്ന സിനിമയിൽ നയൻതാര എന്ന നടിയെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണ്. വെറുതെ ഒരു നടിയെ അത് അത്രയും താരമൂല്യമുള്ള ഒരു നടിയെ ആ കഥാപാത്രം ഏൽപ്പിക്കണം എങ്കിൽ അത് അവർ ചെയ്താൽ ആ കഥാപാത്രം എത്രത്തോളം മനോഹരമായിരിക്കുമെന്നു മമ്മൂട്ടിക്ക് ഉൾകാഴ്ച ഉള്ളത് കൊണ്ടാവണം അങ്ങനെ പറയുന്നത്. തനിക്ക് ഓപ്പോസിറ്റുള്ള നായിക നന്നായില്ലെങ്കിൽ അഭിനയത്തിൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മമ്മൂട്ടി എപ്പോഴും പറയും. സീമയൊക്കെ തന്റെ നായികയായി വന്നാൽ ഒരു പ്രശ്നവും അഭിനയത്തിന്റെ കാര്യത്തിൽ തനിക്ക് വരില്ലെന്ന് മമ്മൂട്ടി എന്നോട് പറയാറുണ്ട്. ‘വാസുകി അയ്യർ’ എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ മമ്മൂട്ടി പറഞ്ഞു, ഇതിനു നയൻതാര ആണ് മികച്ച ഓപ്ഷൻ എന്നാണ്. അങ്ങനെയാണ് ‘പുതിയ നിയം’ എന്ന സിനിമയിലേക്ക് നയൻതാര വരുന്നത്.”
Post Your Comments