സിനിമയിൽ ഒരിക്കലും ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ കഥാപാത്രത്തെക്കുറിച്ച് കെപിഎസി ലളിത

സുകുമാരി ചേച്ചിയൊക്കെ ചെയ്‌താൽ മനോഹരമാകുന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എന്തോ ആത്മ സംതൃപ്തി ഇല്ലാതെയാണ് ചെയ്തത്

ഏറ്റവും മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് കെപിഎസി ലളിത. നാടക രംഗത്ത് നിന്നു സിനിമയിലെത്തിയ കെപിഎസി ലളിത തന്റെ സിനിമാ ജീവിതത്തിൽ ഇഷ്ടമല്ലാതെ ചെയ്ത ഒരു സിനിമയെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. 1971-ൽ പുറത്തിറങ്ങിയ ‘ശരശയ്യ’ എന്ന സിനിമയിലെ കഥാപാത്രം ഇഷ്ടമല്ലാതെ ചെയ്തതാണെന്നും അത് സുകുമാരിയെ പോലെ ഒരു നടി ചെയ്യേണ്ട വേഷമായിരുന്നുവെന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ കെപിഎസി ലളിത പറയുന്നു.

“ഞാൻ എന്റെ സിനിമ ജീവിതത്തിൽ ഇഷ്ടമല്ലാതെ ചെയ്തത് ഒരു കഥാപാത്രമേയുള്ളൂ അത് 1971-ൽ പുറത്തിറങ്ങിയ ‘ശരശയ്യ’ എന്ന സിനിമയിലേതാണ്. ‘ഗേളി’എന്ന മോഡേൺ കഥാപാത്രമായിരുന്നു അത്. ഞാൻ ചെയ്താൽ ശരിയാകുന്ന വേഷമല്ലായിരുന്നു. തീരെ മനസ്സില്ലാതെയാണ് ആ വേഷം സ്വീകരിച്ചത്. സുകുമാരി ചേച്ചിയൊക്കെ ചെയ്‌താൽ മനോഹരമാകുന്ന കഥാപാത്രം എനിക്ക് കിട്ടിയപ്പോൾ എന്തോ ആത്മ സംതൃപ്തി ഇല്ലാതെയാണ് ചെയ്തത്. തോപ്പിൽ ഭാസി സാർ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, മധു, ഷീല, ജയഭാരതി തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.സത്യൻ മാഷിന്റെ അമ്മയായി പൊന്നമ്മ ചേച്ചി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ‘ശരശയ്യ’.

Share
Leave a Comment