CinemaGeneralLatest NewsMollywoodNEWS

പോലീസുകാർക്ക് എപ്പോഴും ശല്യമുണ്ടാക്കുന്ന മുഴുക്കുടിയൻ ; വെള്ളം മുരളിയെക്കുറിച്ച്‌ അസിസ്റ്റന്റ് കമ്മീഷണറുടെ കുറിപ്പ്

സിനിമാക്കഥയെ വെല്ലുന്നതാണ് യഥാർത്ഥ മുരളിയുടെ ജീവിതം , അസിസ്റ്റന്റ് കമ്മീഷണർ

വെള്ളം എന്ന സിനിമയിലൂടെ ഒരിക്കൽ മുഴുക്കുടിയനായിരുന്ന മുരളി എന്നയാൾ ബിസിനസിലൂടെ ജീവിതം തിരിച്ചുപിടിച്ച കഥ ഏവർക്കും മാതൃക കാട്ടി തരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന സിനിമയിൽ ‘വെള്ളം മുരളി’ എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന മുരളി കുന്നംപുറത്ത് എന്നയാളെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ പഴയ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് കണ്ണൂരിലെ അസ്സിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി.പി.സദാനന്ദൻ.

സിനിമാ റിലീസ് കാലത്തും, വിശേഷദിവസങ്ങളിലും അടിയും വഴക്കും സൃഷ്ടിക്കുന്ന ആളായിരുന്നു മുരളിയെന്ന് പി.പി. സദാനന്ദൻ പറയുന്നു. സിനിമാക്കഥയെ വെല്ലുന്ന ജീവിതമെന്ന് മുരളിയുടെ മാറ്റത്തിനൊപ്പം തോന്നിയിരുന്നുവെന്നും സദാനന്ദൻ കുറിക്കുന്നു.

അസിസ്റ്റന്റ് കമ്മീഷണർ പി.പി. സദാനന്ദന്റെ കുറിപ്പ്:

‘ഇരുപത് വർഷങ്ങൾക്ക് മുൻപ് പോലീസുകാർക്ക് എപ്പോഴും ശല്യമുണ്ടാക്കുന്ന മുഴുക്കുടിയനായ ഒരു മുരളിയുണ്ടായിരുന്നു. അന്ന് ഞാൻ തളിപ്പറമ്പ് എസ് ഐ ആയിരുന്നു. വീട്ടിൽ നിന്നും സ്വർണ്ണവും അച്ഛന്റെ മേശയിൽ നിന്നും പണവും ഒക്കെ എടുത്തുകൊണ്ടു പോയി മദ്യപിക്കും. സിനിമ തീയറ്ററായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിഹാര കേന്ദ്രം. മോഹൻലാലിന്റെ കടുത്ത ആരാധകനായിരുന്നു. സിനിമ റിലീസ് ദിവസമൊക്കെ മുരളിയുടെ വക അടി പ്രതീക്ഷിക്കാം. ന്യൂ ഇയർ പോലുള്ള വിശേഷ ദിവസങ്ങളിൽ മുൻകൂട്ടി മുരളിയെ പിടിച്ചു വെയ്ക്കുമായിരുന്നു. ആ സമയത്തൊക്കെ അയാളുടെ അച്ഛൻ തന്നെ പരാതിയായി വരുമായിരുന്നു. ശല്യം സഹിക്കാൻ വയ്യാതായപ്പോൾ എല്ലാ ദിവസവും പോലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടാൻ ഞാൻ പറഞ്ഞു. അയാൾ സ്റ്റേഷനിൽ വന്ന് ഒപ്പിടും. പിന്നീട് പോയി കുടിക്കും. ഒരു ദിവസം മുരളിയെ ഞാൻ ഉപദേശിക്കുവാൻ ശ്രമിച്ചു. അപ്പോൾ അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് പോലെ തോന്നി. വളരെ നിരാശയോടെ അയാൾ എന്നോട് പറഞ്ഞു, ഇനി ഞാൻ നിങ്ങൾക്ക് ഒരു ശല്യമാകില്ല. പിന്നീട് അയാളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

ഇരുപത് വർഷങ്ങൾക്ക് ശേഷം ഞാൻ കണ്ണൂരിൽ ഡിവൈഎസ്പി ആയിരിക്കെ സുന്ദരനായ ഒരു ചെറുപ്പക്കാരൻ എന്റെ ഓഫിസിലേയ്ക്ക് വന്നു. ‘ഞാൻ തളിപ്പറമ്പുകാരൻ മുരളിയാണ്, ഇപ്പോൾ ഇന്റർനാഷണൽ ബിസിനസ്സ്‌കാരനാണ് ‘ അയാൾ പറഞ്ഞു. ഇന്നത്തെ നിലയിൽ എത്തിയതിന്റെ കഥ മുഴുവൻ അയാൾ സമയമെടുത്ത് പറഞ്ഞു. കഥ മുഴുവൻ കേട്ടപ്പോൾ ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന ഒരു കഥ അതിൽ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചപ്പോലെ ആ കഥ ‘വെള്ളം’ എന്ന പേരിൽ സിനിമ ആയിരിക്കുന്നു. ‘

സംയുക്തമേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ. റോബി വർഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകൻ. ബിജിത്ത് ബാലയാണ് എഡിറ്റർ. ഫ്രൻഡ്‌ലി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button