2019ലെ ചലച്ചിത്ര പുരസ്കാരങ്ങൾ ജേതാക്കൾക്ക് കൈമാറി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും ഏറ്റുവാങ്ങി. ഇപ്പോഴിതാ മികച്ച സിനിമ, മികച്ച തിരക്കഥ, സ്വഭാവ നടി എന്നീ അവാര്‍ഡുകൾ നേടിയ ചിത്രം ‘വാസന്തി’ യുടെ നിർമ്മാതാവ് കൂടിയായ നടൻ സിജു വിൽസൺ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘വാസന്തി’ റഹ്മാന് ബ്രദേര്‍സ് എന്നറിയപ്പെടുന്ന ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വാസിക, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. സിജു വില്‍സണ്‍ അഭിനയിച്ച് ഏറ്റവുമൊടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രമാണ് വാസന്തി. ചിത്രത്തിലൂടെ സിജു വിൽസൺ ആദ്യമായി നിര്‍മാതാവാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
തൻ്റെ ജീവിതത്തിലെ ആദ്യ അവാർഡ് ഏറ്റുവാങ്ങുമ്പോൾ വലിയ അഭിമാനമെന്നും ഇത് തൻ്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും അഭിമാന നിമിഷമാണെന്നും സിജു വിൽസൺ കുറിച്ചു. ഇത്ര വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെ നിർമ്മാതാവിൻ്റെ അവാർഡ് ഏറ്റുവാങ്ങാനാകുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്ന് സിജു കുറിച്ചു.ഈ സിനിമയെ മനസിലാക്കിയതിനും അഭിനന്ദിച്ചതിനും ജൂറി മെമ്പേഴ്സിന് സ്പെഷ്യൽ താങ്സ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പക്കൽ നിന്ന് അവാർഡ് ഏറ്റുവാങ്ങുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സിജു വിൽസൺ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments