സിനിമയിൽ ആദ്യമായി എടുത്ത ഷോട്ടിനെക്കുറിച്ചും താൻ നായികയായി ആദ്യമായി അഭിനയിച്ച സിനിമയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നടി ശോഭന. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളെല്ലാം നോക്കി നിൽക്കെ ബാലതാരമായിരുന്ന താൻ ഓടിവന്നു വീഴുന്ന ഷോട്ട്! പതിനൊന്നു റീടേക്കുകൾ എടുത്താണ് പൂർത്തികരിച്ചതെന്നു തന്റെ ആദ്യ സിനിമാനുഭവം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു കൊണ്ട് ശോഭന പറയുന്നു . ആദ്യമായി നായികയായി അഭിനയിച്ച ഏപ്രിൽ പതിനെട്ടു എന്ന സിനിമയിലെ റൊമാന്റിക് വേഷം ഒരു പ്രേക്ഷക എന്ന നിലയിൽ താൻ നോക്കി കാണുമ്പോൾ അതൊക്കെ ബോർ ആയിട്ടാണ് താൻ ചെയ്തുവെച്ചിരിക്കുന്നതെന്നും ശോഭന പറയുന്നു.
“കൃഷ്ണൻ പഞ്ചു സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘മംഗള നായകി’ എന്ന ചിത്രത്തിലായിരുന്നു എന്റെ ഫസ്റ്റ് ഷോട്ട്. കുട്ടിയായ ഞാൻ ഓടുമ്പോൾ വീഴുന്ന രംഗമുണ്ട്. ശ്രീകാന്ത്, കെആർ വിജയ തുടങ്ങിയ അന്നത്തെ തമിഴിലെ വലിയ താരങ്ങളുടെ മുന്നിലാണ് ചെയ്യേണ്ടത്. പക്ഷെ എന്റെ വീഴ്ച എത്രയായിട്ടും ശരിയായില്ല. കൃഷ്ണൻ പഞ്ചു സാർ വഴക്ക് പറഞ്ഞപ്പോൾ വിജയാമ്മയാണ് പിന്തുണ തന്നു കൂടെ നിന്നത്. ഏകദേശം പതിനൊന്നു റീടേക്കുകൾ എടുത്താണ് സിനിമയിലെ ആദ്യ ഷോട്ട് ഞാൻ പൂർത്തീകരിച്ചത്. നായികയായി ഞാൻ ആദ്യമായി അഭിനയിച്ച ബാലചന്ദ്ര മേനോൻ സാറിന്റെ ‘ഏപ്രിൽ പതിനെട്ടു’ എന്ന സിനിമയിലെ എന്റെ പ്രകടനം ഒരു പ്രേക്ഷക എന്ന നിലയിൽ നോക്കി കാണുമ്പോൾ അത്ര നന്നായി ചെയ്തില്ല എന്ന് എനിക്ക് തോന്നും. അതൊക്കെ ബാലചന്ദ്ര മേനോൻ എന്ന സംവിധായകന്റെ ക്രെഡിറ്റാണ്. നന്നായിട്ടുണ്ട് എന്ന് പ്രേക്ഷകന് തോന്നുന്നുവെങ്കിൽ അതിന്റെ കാരണം ബാലചന്ദ്ര മേനോൻ എന്ന സംവിധായകൻ തന്നെയാണ്”. ശോഭന പറയുന്നു.
Post Your Comments