‘വിമെൻ സ്‌റ്റോറീസ്’; ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നടി ജാക്വിലിൻ ഫെർണാണ്ടസ്

ലീന യാദവ് എന്ന സംവിധായികയുടെ ചിത്രത്തിലാണ് ജാക്വിലിന്‍ കേന്ദ്രകഥാപാത്രമാകുന്നത്

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ‘വിമെന്‍ സ്‌റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലാണ് ജാക്വിലിൻ ഫെർണാണ്ടസ് അഭിനയിക്കുന്നത്. ലോകത്തെ പ്രമുഖരായ ആറ് വനിതാ സംവിധായര്‍ ഒരുക്കുന്ന ചെറുസിനിമകളാണ് പെണ്‍കഥകള്‍ (വിമെന്‍ സ്റ്റോറീസ്).

ലീന യാദവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്ത്രീകൾ മാത്രമാണ് അഭിനയിക്കുന്നത്. ചിത്രത്തിൽ ജാക്വിലിന്‍ കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ട്രാന്‍സ്‌ജെണ്ടര്‍ മോഡലായ അഞ്ജലി ലാമ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാര്‍ച്ചിഡ് എന്ന സിനിമയിലൂടെയാണ് ലീന യാദവ് ശ്രദ്ധേയയായത്.

മരിയ സോലെ തഗ്നാസി, ലൂസിയ പെന്‍സോ, കാതറിന്‍ ഹാര്‍ഡ് വിക്ക് എന്നിവരാണ് മറ്റ് സംവിധായകര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെ ജീവിതാവസ്ഥ ചര്‍ച്ച ചെയ്യുകയാണ് സിനിമയുടെ ലക്ഷ്യം. സിനിമ വ്യവസായത്തിലും മാധ്യമമേഖലയിലുമുള്ള സ്ത്രീകളെ പിന്തുണയ്ക്കുന്നതിനും വനിതകളുടെ സിനിമകളെ കുറിച്ചുള്ള ധാരണ മാറുന്നതിനുമാണ് ഇത്തരത്തിലൊരു പ്രോജക്ട് ചെയ്യുന്നതെന്ന് നിര്‍മാണ കമ്പനിയായ വി ഡു ഇറ്റിന്റെ സ്ഥാപകയും പ്രസിഡന്റുമായ ചിയാര തില്ലസി പറഞ്ഞു.

Share
Leave a Comment