‘പ്രണയം’ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കാനിരുന്ന സിനിമ പക്ഷേ സംഭവിച്ചത് ഇങ്ങനെ: ബ്ലെസ്സി പറയുന്നു

അതുകൊണ്ടാണ് അനുപം ഖേറിലേക്ക് മാറ്റി ചിന്തിച്ചത്

ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ എന്ന നടന് സംസ്ഥാന തലത്തില്‍ അംഗീകാരം നേടി കൊടുത്ത ചിത്രമാണ് ‘പ്രണയം’. ബോളിവുഡ് നടന്‍ അനുപം ഖേര്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രത്തില്‍ ജയപ്രദയായിരുന്നു മറ്റൊരു ലീഡ് റോള്‍ ചെയ്തത്. മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയ്ക്ക് ബ്ലെസ്സി സമ്മാനിച്ച ‘പ്രണയം’ തിയേറ്ററിലും പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു. പ്രണയം എന്ന സിനിമയില്‍ അനുപം ഖേറിന്റെ റോളില്‍ ആദ്യം മമ്മൂട്ടിയായിരുന്നുവെന്നും എന്നാല്‍ ആ കഥാപാത്രത്തിലെ ചെറുപ്പകാലം സിനിമയിലെ ഒരു പ്രധാന കഥാപാത്രമായി വരുമ്പോള്‍ അത് മമ്മൂട്ടിയില്‍ നിന്ന് മാറി ഇരുപത്തി രണ്ടു വയസ്സുള്ള ഒരു യുവാവിലെക്ക് വരുമ്പോള്‍ അത് ആകര്‍ഷകമാകില്ല എന്ന് തോന്നിയത് കൊണ്ടാണ് അത് മറ്റൊരാളിലേക്ക് മാറ്റി ചിന്തിച്ചതെന്നും സൂര്യ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രണയം എന്ന സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ബ്ലെസ്സി പറയുന്നു.

“പ്രണയം എന്ന സിനിമയില്‍ അനുപം ഖേര്‍ ചെയ്ത റോളില്‍ ആദ്യം മമ്മുക്കയെ തന്നെയായിരുന്നു തീരുമാനിച്ചത്. പക്ഷേ അത് പിന്നീട് മനസ്സില്‍ നിന്ന് വഴി മാറി പോകുകയാണ് ചെയ്തത്. കാരണം അതിലെ അച്ച്യുതമേനോന്‍ എന്ന കഥാപാത്രത്തിന്റെ യൗവ്വന കാലം മമ്മുക്കയ്ക്ക് ഗെറ്റപ്പില്‍ വ്യത്യാസം വരുത്തി ചെയ്യാവുന്ന ഒന്നല്ല. മറ്റൊരു യുവാവ് ആ റോള്‍ ചെയ്യേണ്ടാതിനാല്‍ പിന്നീട് അത് മമ്മുക്കയിലേക്ക് വരുമ്പോള്‍ അത് ആകര്‍ഷകമാകുമെന്ന് തോന്നിയില്ല. അതുകൊണ്ടാണ് അനുപം ഖേറിലേക്ക് മാറ്റി ചിന്തിച്ചത്. ആ സിനിമയുടെ ഓര്‍മ്മകള്‍ പറയുമ്പോള്‍ ഏറ്റവും പ്രധാനം മോഹന്‍ലാല്‍ എന്ന നടന് ദേശീയ തലത്തില്‍ അവാര്‍ഡ്‌ നിഷേധിച്ചതാണ്. മോഹന്‍ലാലിനു സ്ക്രീന്‍ സ്പേസ് കുറവായിരുന്നു അത് കൊണ്ട് സിനിമയിലെ നായകനല്ല എന്ന വിചിത്ര കാരണം പറഞ്ഞാണ് അന്ന് അദ്ദേഹത്തെ അതില്‍ നിന്ന് മാറ്റി നിര്‍ത്തിയത്”. ബ്ലെസ്സി പറയുന്നു.

Share
Leave a Comment