മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന് സംവിധായകൻ അലി അക്ബർ. ഫെബ്രുവരി 20ന് ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. വയനാട് ആണ് ലൊക്കേഷൻ. 151 സീനുകളാണ് സിനിമയിൽ ഉള്ളതെന്നും 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നതെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
പ്രമുഖതാരങ്ങൾ അഡ്വാൻസ് വാങ്ങി ഡേറ്റ് തന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഒരു കോടിയിലധികം രൂപ അക്കൗണ്ടിലെത്തി എന്ന് അദ്ദേഹം പറയുന്നു. ഒരു കോടിക്ക് ശേഷം എത്രയെത്തി എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ വിവരം പറയാൻ അദ്ദേഹം തയാറായില്ല. തിരക്ക് കഴിഞ്ഞാല്‍ അക്കാര്യം പറയും. ആദ്യഘട്ടത്തിന് ഇതുമതി. ഇനിയും സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. അഡ്വാൻസ് വാങ്ങിയ താരങ്ങളുടെ പേര് ഇപ്പോൾ പറഞ്ഞാൽ അവർക്ക് നേരെ സൈബർ ആക്രമണം ഉണ്ടാകുമോ എന്ന് ഭയമുണ്ടെന്നും അലി അക്ബർ ലൈവിൽ പറയുന്നു.
അടുത്ത മാസം രണ്ടിന് സിനിമയുടെ പൂജ നടത്തും. മൂന്ന് ഘട്ടങ്ങളിലായിട്ടാകും ചിത്രീകരണം. ‘വാരിയംകുന്നന്‍’ എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments