സഖാവ് എന്ന കവിത പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായികയാണ് കണ്ണൂരുകാരി ആര്യ ദയാൽ. പിന്നീട് കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയുള്ള ആര്യയുടെ വ്യത്യസ്തമായ ആലാപനത്തിലൂടെ സമൂഹമാധ്യമ ലോകത്തെ ഒന്നാകെ കൈയിലെടുത്തു. ഇപ്പോഴിതാ മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നേരിടേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് ആര്യ. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യ ഇക്കാര്യം തുറന്നു പറഞ്ഞത്.
രാത്രിയിൽ ഷൂട്ടിങ്ങിന്റെ ഭാഗമായി പുറത്തിറങ്ങിയപ്പോൾ വടിവാളും കത്തിയും അരിവാളും ഒക്കെയായി കുറേപേർ വന്നു. ഷൂട്ടിങ്ങിന്റെ ശബ്ദം കേട്ടപ്പോൾ അവർ കരുതിയത് മറ്റെന്തോ സംഭവങ്ങൾ നടക്കുന്നുവെന്നാണ്. രാത്രി പുരുഷന്മാരുടേയും സ്ത്രീയുടേയും ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ മറ്റെന്ത് വിചാരിക്കണം എന്നാണ് അന്നവർ തങ്ങളോട് ചോദിച്ചതെന്ന് ആര്യ പറയുന്നു. 9 മണിക്ക് ശേഷം ഇത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ അവർ എത്തിച്ചേരുന്ന നിഗമനം, ഒന്നുകിൽ എന്തോ മോശമായ കാര്യ അവിടെ നടക്കുന്നു, അല്ലെങ്കിൽ അവർക്ക് ഇഷ്ടമല്ലാത്തത് എന്തോ നടക്കുന്നു, ആര്യ പറയുന്നു. എന്റെ സ്വന്തം നാട്ടിൽ നിന്ന് ഷൂട്ട് ചെയ്ത, എനിക്കുണ്ടാകുന്ന അനുഭവങ്ങളാണ് പറയുന്നത് ആര്യ കൂട്ടിച്ചേർക്കുന്നു.
ചെറുപ്പത്തിലേ മുതൽ ഞങ്ങൾ കളിച്ചു വളർന്ന ഇടവും, ഞങ്ങളെ വളരെ നന്നായി അറിയാവുന്ന ആളുകളുമാണ്. അവർ തന്നെയാണ് രാത്രിയിൽ ഇങ്ങനെ പെരുമാറുന്നതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. മുമ്പും തനിക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ആര്യ പറയുന്നത്. ഒരു ഒഴിഞ്ഞ വീട്ടിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്. അന്ന് ഒരാൾ വന്ന് വാതിൽക്കൽ തട്ടി ചോദിച്ചു, ഇവിടെ എന്താ നടക്കുന്നത് എന്ന്. ഒരു പെൺകുട്ടി, ഒരു ക്യാമറ, നാല് ആൺകുട്ടികൾ, അത്രയുമായിരുന്നു അയാൾ അപ്പോൾ കാണുന്നത്. അതായിരുന്നു അവരുടെ പ്രശ്നവും. ആദ്യ ഇന്റിപെന്റന്റ് വീഡിയോ ‘ട്രൈ മൈ സെൽഫ്’ ഷൂട്ട് ചെയ്തപ്പോഴായിരുന്നു ഈ സംഭവമെന്ന് ആര്യ പറഞ്ഞു.
Post Your Comments