പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ ആദ്യം റിലീസിനെത്തിയ ചിത്രമാണ് വെള്ളം. ജയസൂര്യയും സംയുക്തയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പ്രജേഷ് സെൻ ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ ചിത്രത്തിലെ അനുഭവം പങ്കുവെക്കുകയാണ് നടി സംയുക്ത മേനോൻ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ജയസൂര്യയുടെ ഉജ്ജ്വല പ്രകടനം തന്റെ കഥാപാത്രത്തെയും വലിയ രീതിയിൽ സ്വാധീനിച്ചതായി സംയുക്ത പറയുന്നു. ജയസൂര്യ അവതരിപ്പിക്കുന്ന മുഴുക്കുടിയനായ മുരളിയുടെ ഭാര്യ സുനിതയെന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.
കോവിഡിനു ശേഷം ആദ്യമായി തിയറ്ററുകളിൽ എത്തുന്ന ചിത്രമെന്ന നിലയിൽ വെള്ളം റിലീസിൽ ഉത്കണ്ഠയുണ്ടെന്നും എന്നാൽ, ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്താൽ മതിയെന്ന് നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും സംയുക്ത പറഞ്ഞു.
ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വെള്ളം’.സംയുക്ത, സിദ്ദീഖ്, ഇന്ദ്രൻസ്, ശ്രീലക്ഷ്മി, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോസ് കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിർമിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
Post Your Comments