ഒരു കാലത്തെ മലയാള സിനിമയിലെ വാണിജ്യ സിനിമകളിലെ ഹിറ്റ് നായികയായിരുന്നു നദിയ മൊയ്തു. ജോഷിയുടെ ഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുള്ള നദിയ എംടി രചന നിർവഹിച്ചു ഹരിഹരൻ സംവിധാന ചെയ്ത ‘പഞ്ചാഗ്നി’ പോലെയുള്ള സിനിമകളിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഫാസിൽ കണ്ടെത്തിയ സെറീന ‘നോക്കെത്താ ദൂരത്തിലെ’ ഗേളിയായപ്പോൾ പ്രേക്ഷകർ പൂർണ്ണ മനസ്സോടെ ആ കഥാപാത്രത്തെ മനസ്സിലേറ്റി. പിന്നീടുള്ള സിനിമകളിൽ നദിയ മൊയ്തു എന്ന പേരോടെ മികച്ച കഥാപാത്രങ്ങളുമായി സിനിമയിൽ കളം നിറഞ്ഞു. വിവാഹ ശേഷം സിനിമ വിട്ട നദിയ മൊയ്തു പിന്നീട് ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് സിനിമയിലൂടെയാണ് തിരിച്ചു വരുന്നത്. തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിനു കാരണമായ സന്ദർഭത്തെക്കുറിച്ച് ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നദിയ മൊയ്തു മനസ്സ് തുറക്കുകയാണ്.
“മക്കളുടെ സ്‌കൂൾ അവധിക്ക് ഞാൻ ഇംഗ്ളണ്ടിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് എനിക്ക് ഒരു കോൾ വരുന്നത്. തെലുങ്കിൽ നിന്ന് റീമേക് ചെയ്യുന്ന ഒരു തമിഴ് സിനിമയുടെ ഓഫർ ആയിരുന്നു അത് . സിനിമയിൽ തിരിച്ചു വരണമെന്ന ചിന്ത മനസ്സിൽ കൊണ്ട് നടന്നില്ലെങ്കിലും ചില കഥകൾ ഞാൻ ഇടയ്ക്ക് കേട്ടിരുന്നു. പക്ഷേ എനിക്കത് ഇഷ്ടമായില്ല. ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ എന്ത് കൊണ്ടോ എനിക്ക് പെട്ടെന്ന് നോ പറയാൻ കഴിഞ്ഞില്ല ആലോചിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അത്രയും വലിയ മകന്റെ അമ്മമായി അഭിനയിക്കണോ എന്നൊക്കെ ആദ്യം ചിന്തിച്ചു. പിന്നീട് ആലോചിച്ചപ്പോൾ എനിക്കും പ്രായമായി ഇത്തരമൊരു പോസിറ്റീവ് എനർജിയുള്ള സ്ത്രീ കഥാപാത്രം വിട്ടുകളയരുതെന്നു തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നതും എന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ് സംഭവിക്കുന്നതും”.
Post Your Comments