മാസങ്ങളോളം അടച്ചിട്ട തിയറ്ററുകളിൽ ആദ്യം റിലീസിനെത്തിയ ചിത്രമാണ് വിജയ്‌യുടെ ‘മാസ്റ്റർ’. ചിത്രം ഇറങ്ങി ആഴ്ചകൾക്കുള്ളിൽ വൻ ലാഭമാണ് ചിത്രം നേടിയത്. തമിഴ്നാട്ടില്‍ മാത്രമല്ല ആന്ധ്ര/തെലങ്കാനയിലും കര്‍ണാടകത്തിലും കേരളത്തിലുമൊക്കെ വന്‍ പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രതീക്ഷിച്ചതിലും വലിയ ലാഭം കിട്ടിയ സന്തോഷത്തിന് നടൻ വിജയ്‌യെ നേരിൽ കണ്ട് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ ആന്ധ്ര/തെലങ്കാന വിതരണക്കാര്‍.
തെലുങ്ക് നിര്‍മ്മാതാവ് കൂടിയായ മഹേഷ് കൊനേരുവിന്‍റെ ഉടമസ്ഥതയിലുള്ള ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സിനായിരുന്നു മാസ്റ്ററിന്‍റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം. 8.50 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ ആന്ധ്ര, തെലങ്കാന വിതരണാവകാശം വിറ്റുപോയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രത്തിന് ലഭിച്ച ഗ്രോസ് കളക്ഷന്‍. തങ്ങളുടെ നന്ദി അറിയിക്കാന്‍ വിജയ്‍യെ നേരില്‍ സന്ദര്‍ശിച്ച വിവരം മഹേഷ് കൊനേരു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഏറ്റവുമൊടുവില്‍ പുറത്തെത്തിയ കണക്കുകള്‍ പ്രകാരം 96.70 കോടിയാണ് തമിഴ്നാട്ടില്‍ നിന്നുമാത്രം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒരു വാരം പിന്നിടുമ്പോഴും സംസ്ഥാനത്ത് ചിത്രത്തിന് മികച്ച പ്രതികരണമുണ്ട്. കര്‍ണാടകയില്‍ നിന്ന് 14.50 കോടിയും കേരളത്തില്‍ നിന്ന് 10 കോടിയും മാസ്റ്ററിന് ലഭിച്ചിട്ടുണ്ട്.
Post Your Comments